ഇടുക്കി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി വെള്ളത്തൂവല്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണ്ണമായി അടച്ചിടും. വെള്ളത്തൂവലിലും പരിസരപ്രദേശങ്ങളിലുമുണ്ടായിട്ടുള്ള കൊവിഡ് കേസുകള്‍ കണക്കിലെടുത്താണ് തീരുമാനം. അടച്ചിടലിന് ആളുകളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി വ്യാപാരി വ്യാവസായി ഏകോപനസമതി വെള്ളത്തൂവല്‍ യൂണിറ്റ് സെക്രട്ടറി സന്തോഷ് കുമാര്‍ പാനിപ്പറ പറഞ്ഞു.
വെള്ളത്തൂവലിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും
മെഡിക്കല്‍ സ്‌റ്റോര്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഇനി തിങ്കളാഴ്‌ച മുതല്‍ക്കേ തുറക്കുകയുള്ളു.
ആനച്ചാലിനും കുഞ്ചിത്തണ്ണിക്കും പിന്നാലെയാണ് വെള്ളത്തൂവല്‍ ടൗണിലെ വ്യാപാരസ്ഥാപനങ്ങളും ഞായറാഴ്ച്ച വരെ അടച്ചിടുവാന്‍ തീരുമാനമെടുത്തത്. മൂന്ന് ദിവസത്തെ അടച്ചിടലിന് ശേഷം തിങ്കളാഴ്ച്ച മുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. വെള്ളത്തൂവലിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയും ആളുകള്‍ ടൗണിലേക്കെത്തുന്നത് കുറയുകയും ചെയ്താല്‍ ജാഗ്രത കൂടുതല്‍ കടുപ്പിക്കാമെന്നാണ് പ്രതീക്ഷ. ടൗണ്‍ അണുവിമുക്തമാക്കുന്ന കാര്യത്തിലും ആലോചനയുണ്ട്.