കേരളം

kerala

ETV Bharat / state

അരിക്കൊമ്പന്‍, ഉത്രം നക്ഷത്രം...; കാട്ടുകൊമ്പനു വേണ്ടി ശത്രു സംഹാര പൂജയും മൃത്യുഞ്ജയ പുഷ്‌പാഞ്ജലിയും, മനമുരുകി പ്രാര്‍ഥിച്ച് ആരാധകര്‍ - അരിക്കൊമ്പനായി ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ

ഇടുക്കിയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിച്ച അരിക്കൊമ്പനായി ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തി പന്തളം സ്വദേശിനിയായ ഭക്ത. വഴിപാടിന്‍റെ രസീതും പ്രസാദവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

അരിക്കൊമ്പനായി പന്തളത്ത് ശത്രു സംഹാര പൂജ  Shatru samhara Pooja for Arikomban  Pandalam in Idukki  അരിക്കൊമ്പന്‍  ഉത്രം നക്ഷത്രം  ശത്രു സംഹാര പുഷ്‌പാഞ്ജലി  ശത്രു സംഹാര പൂജ  അരിക്കൊമ്പനായി ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ  പന്തളം പുത്തന്‍കാവ് ക്ഷേത്രം
വഴിപാടിന്‍റെ രസീത്

By

Published : Jun 10, 2023, 10:18 AM IST

Updated : Jun 10, 2023, 11:09 AM IST

അരിക്കൊമ്പനായി പ്രത്യേക പൂജ

ഇടുക്കി:ചിന്നക്കനാലില്‍ നിന്നും തമിഴ്‌നാട്ടിലെത്തിച്ച അരിക്കൊമ്പന് വേണ്ടി പന്തളം പുത്തന്‍കാവ് ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തി ആരാധികയായ ഭക്ത. അരിക്കൊമ്പനായി നടത്തിയ വഴിപാടിന്‍റെ രസീതും പ്രസാദവും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അരിക്കൊമ്പന് വേണ്ടി ആരാധകര്‍ പണപിരിവ് നടത്തുകയും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്‌ത വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് ശത്രു സംഹാര പൂജയുടെ വാര്‍ത്ത കൂടി പുറത്ത് വരുന്നത്.

നക്ഷത്രത്തിന്‍റെ സ്ഥാനത്ത് അരിക്കൊമ്പന്‍റെ നക്ഷത്രമായ ഉത്രം എന്നാണ് ഭക്ത നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ തേനിയിലെ ജനവാസ മേഖലയിലെത്തിയ കൊമ്പനെ വീണ്ടും മയക്ക് വെടി വച്ച് കാടുകയറ്റിയതിന് പിന്നാലെ ഭക്ത ശത്രുസംഹാര പുഷ്‌പാഞ്ജലി നടത്തിയത്. ചിന്നക്കനാലിലേക്കുള്ള അരിക്കൊമ്പന്‍റെ തിരിച്ച് വരവ് വിദൂര സാധ്യതയായി അവശേഷിക്കുമ്പോഴും പ്രതീക്ഷയോടെയും പ്രാര്‍ഥനയോടെയും കാത്തിരിക്കുന്ന നിരവധി പേരുണ്ട് എന്നതിന് നേര്‍ സാക്ഷ്യമാണ് ഈ ശത്രു സംഹാര പൂജ.

കുമളിയില്‍ അരിക്കൊമ്പനായി മൃത്യുഞ്ജയ പുഷ്‌പാഞ്ജലി:പന്തളം പുത്തന്‍കാവ് ക്ഷേത്രത്തില്‍ നിന്നും ശത്രു സംഹാര പൂജയുടെ വാര്‍ത്ത പുറത്ത് വരുന്നതിന് മുമ്പ് തന്നെ തൊടുപുഴയില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. തൊടുപുഴ മണക്കാട് സ്വദേശിയായ സന്തോഷാണ് അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്‌പാഞ്ജലി നടത്തിയത്. മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് ഭക്തനായ സന്തോഷ് അരിക്കൊമ്പന് വേണ്ടി പുഷ്‌പാഞ്ജലി നടത്തിയത്. കുമളിയിലെ ശ്രീദുര്‍ഗ ഗണപതി ക്ഷേത്രത്തിലും ഇത്തരം പൂജകള്‍ നടന്നതിന്‍റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഒപ്പം വഴിപാടുകള്‍ നടത്തിയ രസീതിന്‍റെ ഫോട്ടോകളും വൈറലായി.

അരിക്കൊമ്പനായി ഫാന്‍സ് അസോസിയേഷന്‍:ചിന്നക്കനാലില്‍ നിന്നും കാട് മാറ്റിയ അരിക്കൊമ്പന് കേരളത്തില്‍ നിരവധി ആരാധകരുണ്ട്. അണക്കരയിലെ ഓട്ടോ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം അരിക്കൊമ്പനായി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചിരുന്നു. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് ജനങ്ങള്‍ കടന്നുകയറിയിട്ട് ആന ജനവാസ മേഖലയില്‍ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് മയക്ക് വെടി വച്ച് പിടികൂടി തമിഴ്‌നാട്ടിലെത്തിച്ചുവെന്നാണ് ആരാധകരുടെ ആരോപണം. നിലവില്‍ തമിഴ്‌നാട്ടിലെ അപ്പര്‍ കൊടയാര്‍ മേഖലയിലാണ് അരിക്കൊമ്പനുള്ളത്.

ചിന്നക്കനാലില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക്:ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ, പന്നിയാര്‍ എസ്‌റ്റേറ്റ് തുടങ്ങിയ ജനവാസ മേഖലകളിലെത്തി വീടുകളും റേഷന്‍ കടകളും തകര്‍ക്കുന്നത് പതിവാക്കിയതോടെയാണ് അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയത്. ഏപ്രില്‍ 27നാണ് ചിന്നക്കനാലില്‍ നിന്ന് കൊമ്പനെ തമിഴ്‌നാട്ടിലെത്തിച്ചത്. റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ വിട്ടയച്ച കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലെത്തി.

മെയ്‌ 27 കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ ഏറെ ആശങ്ക പടര്‍ത്തിയിരുന്നു. സംഭവത്തിന് പിന്നാലെ കാടുകയറ്റി അരിക്കൊമ്പന് ആവശ്യമുള്ള അരിയും ശര്‍ക്കരയുമെല്ലാം വനത്തിലെത്തിച്ച് നല്‍കിയെങ്കിലും വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി. ഇതോടെയാണ് മയക്ക് വെടി വച്ച് പിടികൂടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

Last Updated : Jun 10, 2023, 11:09 AM IST

ABOUT THE AUTHOR

...view details