ഇടുക്കി : മഞ്ഞുപെയ്യുന്ന മകര മാസത്തിൽ ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. രാത്രി കാലങ്ങളിൽ ശക്‌തമായ തണുപ്പും പകൽ കഠിനമായ ചൂടുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മീനച്ചൂടിന് മുൻപേ കുടിവെള്ള ലഭ്യത കുറയുന്നത് ഹൈറേഞ്ച് നിവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
അതിർത്തി ഗ്രാമമായ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ലേബർ കോളനിയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. കുടിവെള്ളം കിട്ടാതെ വന്നതോടെ മുന്നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പത്ത് വർഷം മുൻപ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ടാങ്ക്മേട് കുടിവെള്ള പദ്ധതിയെയാണ് ഇവിടുത്തെ ജനങ്ങൾ ആശ്രയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒരാഴ്‌ചക്കാലമായി കോളനി നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറി.