ഇടുക്കി :വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. പ്രതി അർജുൻ ഡിവൈഎഫ്ഐ നേതാവാണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും പ്രതിയെ സംരക്ഷിക്കാൻ സംഘടന ശ്രമിച്ചെന്നും ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുന്നത്.
ഷാഫി പറമ്പിൽ മാധ്യമങ്ങളോട് ക്രിമിനലുകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും ആരാധനാലയമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും മാറിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
Also Read:കോഴിക്കോട് മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു
പാർട്ടി അംഗത്വം ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്ന അവസ്ഥയാണ്. കുറ്റവാളികൾക്ക് നിയമത്തിന് അതീതമായി സംരക്ഷണം നൽകുന്നു. വാളയാർ കേസ് പോലെ വണ്ടിപ്പെരിയാർ സംഭവം അട്ടിമറിക്കുമോയെന്ന് ഭയക്കുന്നുണ്ട്.
ആറ് വയസുകാരിയുടെ മരണത്തെ മൂവാറ്റുപുഴ കേസുമായി ഡിവൈഎഫ്‌ഐ ബന്ധിപ്പിക്കുന്നത് അപഹാസ്യമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം, അർജുൻ നേതാവല്ല, ചുരക്കുളം യൂണിറ്റ് അംഗം മാത്രമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. സംഭവം അറിഞ്ഞ ഉടനെ അർജുനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
മൂവാറ്റുപുഴ പോക്സോ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വണ്ടിപ്പെരിയാർ സംഭവം യൂത്ത് കോൺഗ്രസ് ഉയർത്തുന്നതെന്നാണ് ഡിവൈഎഫ്ഐയുടെ മറുപടി.