ഇടുക്കി : ജില്ല കോൺഗ്രസിൽ പൊട്ടിത്തെറി. നെടുങ്കണ്ടം സ്വദേശിയായ കെ.പി.സി.സി അംഗം പാർട്ടി വിട്ട് എൻസിപിയില്‍ പോകുന്നതായി അഭ്യൂഹം. ഇടുക്കി ഡിസിസി പ്രസിഡന്‍റായി സി.പി മാത്യു ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രതിസന്ധി. ഏതാനും നാളുകളായി കോൺഗ്രസിന്‍റെ പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നതാണ് നേതാവിന്‍റെ ചുവടുമാറ്റത്തിന്‍റെ കാരണം.
ഇടുക്കിയിലെ തോട്ടം തൊഴിലാളികൾക്കിടയിൽ സ്വാധീനമുള്ള നേതാവിന്‍റെ കൂറുമാറ്റം പാർട്ടിയിൽ വൻ പ്രതിസന്ധിയ്ക്ക് വഴിയൊരുക്കും. ശക്തമായ യൂണിയൻ സംവിധാനം പാർട്ടിയുടെ മുതിർന്ന നേതാവായ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
നേതാവിന്‍റെ പാർട്ടി വിടൽ ഒഴിവാക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുനയ ശ്രമങ്ങൾ ആരംഭിച്ചു. ഡിസിസി പ്രസിഡന്‍റ് സി.പി മാത്യു കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്‍റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.