ഇടുക്കി: പാഠ്യ- പാഠ്യേതര രംഗത്ത് എന്നും വേറിട്ട ചുവടുവയ്പ്പുകൾ നടത്തുന്ന ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. പുതിയതായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിച്ച് പൊതുതെരഞ്ഞെടുപ്പിനെ അനുസ്‌മരിപ്പിക്കും വിധമാണ് വോട്ടിങ് നടത്തിയത്. പൊതുതെരഞ്ഞെടുപ്പിന്‍റെ ചട്ടങ്ങൾ മുൻ നിർത്തിയാണ് സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പും നടന്നത്.
കുട്ടികൾക്ക് നവ്യാനുഭവമായി സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് - കുട്ടികൾക്ക് നവ്യാനുഭവമായി സ്കൂൾ പാർലമൻ്റ് തിരഞ്ഞെടുപ്പ്
പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് വിദ്യാർഥികൾക്കായി തെരഞ്ഞെടുപ്പ് ക്രമീകരിച്ചത്.
ഓരോ ക്ലാസ് മുറിയും ഓരോ പോളിങ് ബൂത്തുകളായി ക്രമീകരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാർഥികൾക്ക് ചിഹ്നങ്ങളും സമ്മതിദായകർക്കായുള്ള തിരിച്ചറിയൽ കാർഡ്, വോട്ടേഴ്‌സ് സ്ലിപ്പ്, ഇൻഡെലിബിൾ ഇങ്ക്, വോട്ടിങ് ക്യാബിൻ എന്നിവയും തെരഞ്ഞെടുപ്പിനായി ക്രമീകരിച്ചിരുന്നു. മോക്പോളിങ്ങോടെ രാവിലെ 11നാണ് വോട്ടിംങ് ആരംഭിച്ചത്. വോട്ടെണ്ണൽ പൂർത്തിയായതിനു ശേഷം അതാത് ബൂത്തിൽ തന്നെ പ്രോജക്റ്ററിന്‍റെ സഹായത്തോടെ വോട്ടെണ്ണലിന്‍റെ ഡിജിറ്റൽ ഡിസ്പ്ലേയും നടത്തി .
വരും വർഷങ്ങളിൽ വോട്ടവകാശം രേഖപ്പെടുത്തേണ്ട കുട്ടികളെ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളും, ഡിജിറ്റൽ വോട്ടിങ് രീതികളും പരിചയപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പല്‍ ഡോ.ലാലു തോമസ് പറഞ്ഞു.