ന്യൂഡല്‍ഹി : ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി തമിഴ്‌നാട്ടിലെ വനത്തില്‍ വിട്ടയച്ച അരിക്കൊമ്പനായുള്ള ഹര്‍ജികളില്‍ പൊറുതിമുട്ടി സുപ്രീംകോടതി. ആഴ്‌ച തോറും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഓരോ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിമര്‍ശിച്ചു. അരിക്കൊമ്പനുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി വോക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വോക്കസി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും വിഷയത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് 25,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു.
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കേരള ഹൈക്കോടതിയുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി ലഭിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ചു. അരിക്കൊമ്പന് സംരക്ഷണം ഒരുക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. തുടക്കത്തില്‍ തന്നെ ഹര്‍ജി പരിഗണിക്കാന്‍ വിമുഖത കാണിച്ച കോടതിയോട് ആനയെ കുറിച്ച് അറിയാന്‍ മാത്രമാണ് ഇത് നല്‍കിയതെന്നും പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളില്ലെന്നും സംഘടനയുടെ അഭിഭാഷകന്‍ ദീപക് പ്രകാശ് വ്യക്തമാക്കി.
ആനയെ കുറിച്ച് അറിയുന്നതിന് തമിഴ്‌നാടിനോട് ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്ത് വിടാന്‍ ആവശ്യപ്പെടണമെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അരിക്കൊമ്പനെ കുറിച്ച് അറിയണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന് ബഞ്ച് ആവര്‍ത്തിച്ചു. ആന ഇപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ അരിക്കൊമ്പന്‍ കേരളത്തിലാണോ തമിഴ്‌നാട്ടിലാണോയെന്ന് അറിയില്ല. അതുകൊണ്ട് കേരള ഹൈക്കോടതിയിലാണോ തമിഴ്‌നാട് ഹൈക്കോടതിയിലാണോ ഹര്‍ജി നല്‍കേണ്ടതെന്ന കാര്യം വ്യക്തമല്ലെന്നും അഭിഭാഷകന്‍ ദീപക് പ്രകാശ് കോടതിയില്‍ പറഞ്ഞു.
ആന എവിടെയാണെന്ന് കണ്ടെത്തി ഏത് കോടതിയെ സമീപിക്കണമെന്ന് പറയേണ്ടത് തങ്ങളുടെ ജോലിയല്ലെന്ന് മറുപടി നല്‍കിയ കോടതി ഹര്‍ജി തള്ളി. ഇതോടെ ഭരണ ഘടനയുടെ 32ാം അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്‌ത ഹര്‍ജി കൈകാര്യം ചെയ്യുന്ന സുപ്രീംകോടതിയുടെ സമീപനത്തെ അഭിഭാഷകന്‍ വിമര്‍ശിച്ചു.