ന്യൂഡൽഹി :മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ മേൽനോട്ട സമിതിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് നാളെ (07.04.2022). കേരളവും തമിഴ്‌നാടും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്‌ച ഉത്തരവ് പ്രസ്‌താവിക്കുന്നത്. അതേസമയം മേൽനോട്ട സമിതിയുടെ തീരുമാനം അന്തിമമായിരിക്കുമെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
കേന്ദ്രം മുന്നോട്ടുവച്ച നിർദേശങ്ങൾ :ഡാം സംബന്ധിച്ച വിഷയങ്ങളിൽ മേൽനോട്ട സമിതിക്ക് എല്ലാ നിയമപരമായ പ്രവർത്തനങ്ങളും നടത്താമെന്ന് കഴിഞ്ഞ വിചാരണയിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. മേൽനോട്ട സമിതിയെ ഒരു വർഷത്തേക്ക് കൂടി തുടരാൻ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴേക്കും പുതിയ ഡാം സുരക്ഷാ നിയമപ്രകാരമുള്ള ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണമായി പ്രവർത്തനക്ഷമമാകുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.
READ MORE: മുല്ലപ്പെരിയാർ: ഡാം സേഫ്റ്റി അതോറിറ്റിയുടെ എല്ലാ അധികാരവും മേൽനോട്ട സമിതിക്ക്
ഈ ഒരു വർഷ കാലയളവിൽ, മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ നിലവിലുള്ള ഉത്തരവനുസരിച്ച് മേൽനോട്ട സമിതിക്ക് അതിന്‍റെ പ്രവർത്തനങ്ങള്‍ തുടരാം. മേൽനോട്ട സമിതിയുടെ തീരുമാനങ്ങളും ശുപാർശകളും ഇരു സംസ്ഥാനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്താമെന്നും കേന്ദ്രസർക്കാർ നിർദേശത്തിൽ പറയുന്നു.
രണ്ട് സംസ്ഥാനങ്ങളുടെയും സാങ്കേതിക ആശങ്കകൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി, മേൽനോട്ട സമിതി നടത്തുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിന് സാങ്കേതിക വിദഗ്‌ധരെ അംഗങ്ങളായി നാമനിർദേശം ചെയ്യാൻ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് അഭ്യർഥിക്കാമെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങൾ അതോറിറ്റി ഏറ്റെടുക്കും.