ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്ത് അധികൃതർ സമയം കിട്ടുമ്പോൾ കല്ലാർ സ്വദേശി പൊട്ടക്കൽ സാറാമ്മ ചാക്കോയുടെ വീട് വരെ ഒന്നു പോകണം… കാരണം സാറാമ്മ ലൈഫ് ഭവന പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ചിരുന്നു. അപ്പോൾ പഞ്ചായത്ത് നല്‍കിയ മറുപടി സാറാമ്മയുടെ വീട് വാസയോഗ്യമായതാണെന്നാണ്.
സാറാമ്മയ്ക്ക് മഴ വന്നാല്‍ ഭീതിയാണ്: പഞ്ചായത്ത് മുതല്‍ കലക്‌ടർ വരെ, ഇനിയും അറിഞ്ഞില്ലെന്ന് നടിക്കുന്നവരോട് എന്ത് പറയാൻ - ലൈഫ് ഭവന പദ്ധതിയിൽ വീട്
2018ലെ മഹാപ്രളയകാലത്ത് വിള്ളൽ വീണ് വീടിന് ബലക്ഷയം സംഭവിച്ചു. അധികൃതർ സ്ഥലത്തെത്തി നാശനഷ്‌ടങ്ങൾ വിലയിരുത്തിയിരുന്നുവെങ്കിലും നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ല.
ഭർത്താവ് മരിച്ചതോടെ കഴിഞ്ഞ ഏഴ് വർഷമായി വീട്ടിൽ തനിച്ചാണ് ഈ വയോധിക കഴിയുന്നത്. 2018ലെ മഹാപ്രളയകാലത്ത് വിള്ളൽ വീണ് വീടിന് ബലക്ഷയം സംഭവിച്ചു. ശക്തമായ കാറ്റ് വീശിയാൽ നിലംപതിക്കും. മഴവെള്ളം വീണ് തറ മുഴുവൻ ചെളിയാണ്. പ്രളയകാലത്ത് പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്‌ടങ്ങൾ വിലയിരുത്തിയിരുന്നു. അറ്റകുറ്റപ്പണികൾക്ക് തുക അനുവദിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല.
മഴക്കാലത്ത് ഭീതിയില്ലാതെ കിടന്നുറങ്ങാൻ കഴിയണം, അതിന് അടച്ചുറപ്പുള്ള ഒരു വീട് വേണം…സാറാമ്മ ചാക്കോയ്ക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. ലൈഫില്‍ പ്രതീക്ഷ നഷ്‌ടമായ 76കാരിയായ ഈ വൃദ്ധ, കനിവിനായി ജില്ല കലക്‌ടർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പാകുമ്പോൾ വോട്ട് തേടി വീട് കയറുമ്പോഴെങ്കിലും ഇവരുടെ ദുരിതം കണ്ടറിയാൻ ആരെങ്കിലും എത്തുമെന്നാണ് സാറാമ്മയുടെ പ്രതീക്ഷ.