ഇടുക്കി :തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം കിട്ടുന്നതെന്താണെന്ന് ചോദിച്ചാല്‍ ഇടുക്കി ജില്ലിയിലെ ശാന്തൻപാറക്കാർ പറയും അത് വാഗ്‌ദാനങ്ങളാണെന്ന്... കാരണം അതിനൊരു മികച്ച ഉദാഹരണം അവരുടെ കൺമുന്നിലുണ്ട്. ശാന്തൻപാറ ബസ് സ്റ്റാൻഡ് (Santhanpara Bus stand). രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് പൂപ്പാറ- കുമളി സംസ്ഥാനപാതയോട് ചേർന്ന് ശാന്തൻപാറയിൽ സ്ഥലം ഏറ്റെടുത്ത് ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിച്ചത്.
പഞ്ചായത്തിന്‍റെ ആസ്‌തി വികസന ഫണ്ട്, എംഎൽഎ, എംപി ഫണ്ട് എന്നിവ ഉൾപ്പെടെ 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്. കംഫർട്ട് സ്റ്റേഷനും കട മുറികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. ഇത്രയും റെഡിയായപ്പോൾ വൈദ്യുത കണക്ഷൻ മാത്രം കിട്ടിയില്ല. അതിന് പിന്നാലെ ഗതാഗത വകുപ്പിന്‍റെ അനുമതി കൂടി കിട്ടാതായതോടെ സ്റ്റാൻഡ് എന്നത് ഒരു പേര് മാത്രമായി.