ഇടുക്കി:ഒരിടവേളയ്ക്ക് ശേഷം പട്ടം കോളനി മേഖലയിൽ വീണ്ടും ചന്ദനമോഷണം പതിവാകുന്നു. ഇന്നലെ (11.08.2022) നെടുങ്കണ്ടം തൂക്കുപാലം അൻപതേക്കറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും 83, 36 സെന്‍റിമീറ്റർ വലിപ്പമുള്ള രണ്ട് ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. തായ്ത്തടി എടുത്ത ശേഷം ബാക്കി ഭാഗം ഉപേക്ഷിച്ച നിലയിലാണ്.
ഒരു ലക്ഷത്തോളം വിലവരുന്ന ചന്ദനമരമാണ് മുറിച്ചത്. അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തുള്ള ചന്ദനമരങ്ങളും മുറിക്കുവാൻ ശ്രമം നടത്തിയിട്ടുണ്ട്. കേരള തമിഴ്‌നാട് അതിർത്തി മേഖല കേന്ദ്രീകരിച്ചുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.
പട്ടം കോളനി മേഖലയിൽ വീണ്ടും ചന്ദനമോഷണം പതിവാകുന്നു മറയൂർ കഴിഞ്ഞാൽ ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങളുള്ളത് പട്ടം കോളനിയിലെ സ്വകാര്യ ഭൂമികളിലാണ്. ഇവിടങ്ങളിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 250ൽ അധികം ചന്ദനമരങ്ങളാണ് മോഷ്‌ടിക്കപ്പെട്ടിട്ടുള്ളത്. രാമക്കൽമേട് ബാലൻപിള്ള സിറ്റിയിൽ നിന്നും 18 ചന്ദനമരങ്ങൾ മുറിച്ചു കടത്തിയതിന് ശേഷം കഴിഞ്ഞ രണ്ട് മാസമായി സജീവമല്ലാതിരുന്ന ചന്ദന മാഫിയ വീണ്ടും രംഗത്തിറങ്ങിയതിൻ്റെ സൂചനകളാണ് മോഷണങ്ങൾ നൽകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് മുമ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതേസമയം, മറയൂർ മേഖലയിലും ചന്ദന മോഷണത്തിന് കുറവില്ല. കഴിഞ്ഞ ദിവസം മറയൂർ കൂടവയലിൽ ആറ്റുപുറമ്പോക്കിൽ നിന്ന മൂന്ന് ലക്ഷം രൂപ വിലമതിപ്പുള്ള ചന്ദന മരം മുറിച്ചു കടത്തിയിരുന്നു. മൂന്നുമാസത്തിനിടെ സ്വകാര്യ ഭൂമിയിൽ ചന്ദന മോഷണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തെങ്കിലും ഇപ്പോഴും ചന്ദന മോഷണം തുടരുകയാണ്.