ഇടുക്കി: തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി(സ്വീപ്) ജില്ലയിൽ യന്ത്രമനുഷ്യനെത്തി. സംസ്ഥാന ഇലക്ഷന്‍ വിഭാഗം ആവിഷ്‌കരിച്ചിട്ടുള്ള ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് സാൻബോട്ട് എന്ന പേരിലുള്ള രണ്ട് ഇന്‍കര്‍ റോബോട്ടുകളെ ജില്ലയിലെത്തിച്ചത്. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, സിവിൽ സ്റ്റേഷൻ, ജില്ലാ കലക്ടറേറ്റ്, കട്ടപ്പന ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്വീപ് പരിപാടിയുടെ ഭാഗമായി റോബോട്ടിനെ അവതരിപ്പിച്ചു. വോട്ടര്‍മാരുമായി ഇലക്ഷന്‍റെ പ്രാധാന്യത്തെ കുറിച്ച് റോബോട്ട് സംവദിച്ചു. പൊതുജനങ്ങളും സർക്കാർ ജീവനക്കാരുമുൾപ്പെടെ നിരവധിയാളുകൾ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.
ആൾക്കൂട്ടത്തിലേക്ക് കടന്ന് ചെന്നാണ് റോബോട്ടുകളുടെ സംവാദം. സംശയങ്ങള്‍ ചോദിക്കുന്ന വോട്ടർമാരുമായി ഇംഗ്ലീഷിലാണ് റോബോട്ട് സംവദിച്ചത്. ഇതോടൊപ്പം മലയാളത്തിൽ ഇലക്ഷൻ സംബന്ധമായ കാര്യങ്ങൾ വിശദീകരിക്കുകയും റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന സ്ക്രീനിൽ ഇലക്ഷൻ സംബന്ധമായുള്ള വീഡിയോകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജില്ലാ ആസ്ഥാനത്ത് കലക്ടർ എച്ച്.ദിനേശൻ, അസിസ്റ്റന്‍റ് കലക്ടറും സ്വീപ് നോഡൽ ഓഫീസറുമായ സൂരജ് ഷാജി എന്നിവരുമായും റോബോട്ട് സംസാരിച്ചു. എല്ലാ വിഭാഗം ആളുകളെയും പോളിങ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ജില്ലയിൽ റോബോട്ടിനെ ഉപയോഗിച്ച് ബോധവത്‌കരണം സംഘടിപ്പിച്ചതെന്ന് കലക്ടർ എച്ച്.ദിനേശൻ പറഞ്ഞു.