കാന്തല്ലൂരിലെ കുങ്കുമപ്പൂ കൃഷി ഇടുക്കി : കാര്‍ഷിക കേരളത്തിന് എന്നും അത്ഭുതമാണ്, കാന്തല്ലൂരിന്‍റെ കൃഷി കാഴ്‌ചകള്‍... പഴുത്ത് തുടുത്ത ആപ്പിളും സ്‌ട്രോബറിയും പിന്നെ കാരറ്റും കാബേജും എല്ലാം കാന്തല്ലൂരിന്‍റെ മണ്ണില്‍ വിളയും. ആ കാഴ്‌ചകള്‍ക്ക് കൂടുതല്‍ മിഴിവേകി, പുതിയൊരു അതിഥി കൂടി കാന്തല്ലൂരിന്‍റെ മണ്ണിലെത്തി. കശ്‌മീരിന് മാത്രം സ്വന്തമായിരുന്ന കുങ്കുമപ്പൂ (Saffron Cultivation Kanthalloor).
നൂറുമേനി വിളഞ്ഞ, കാന്തല്ലൂരിലെ കുങ്കുമപ്പൂ കൃഷി കാഴ്‌ചകള്‍ അതി സുന്ദരമാണ്. ശാന്തന്‍പാറ ബാപ്പുജി കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ രണ്ടര വര്‍ഷത്തെ പരീക്ഷണമാണിത്. കശ്‌മീരില്‍ നിന്ന് എത്തിച്ച്, ശാന്തന്‍പാറ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ മുളപ്പിച്ച വിത്തുകളാണ് കൃഷിയ്‌ക്കായി ഉപയോഗിച്ചത്.
കാന്തല്ലൂര്‍ പെരുമല സ്വദേശി രാമമൂര്‍ത്തിയൂടെ കൃഷിയിടത്തിലാണ്, കൃഷി പരീക്ഷിച്ചത്. ആദ്യ വര്‍ഷം മഴ ചതിച്ചെങ്കിലും ഇത്തവണ, പ്രതിസന്ധികളെ അതിജീവിച്ച് നൂറുമേനി കൊയ്‌തു. ഹെക്‌ടറിന് എട്ട് കിലോ വരെ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കിലോയ്ക്ക് രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണ് വില. ഐസിഎആര്‍ ഡയറക്‌ടര്‍ ഡോ. വെങ്കിട സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലാണ് ആദ്യ വിളവെടുപ്പ് നടത്തിയത്.
പിന്നാലെ കുങ്കുമപ്പൂ കൃഷിയിലെ കേരളത്തിന്‍റെ സാധ്യതകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആദ്യ ഘട്ടത്തില്‍ 150 കിലോ വിത്താണ് എത്തിച്ചത്. നിലവിലെ കൃഷിയിടത്തില്‍ നിന്നും കൂടുതല്‍ വിത്ത് ഉത്‌പാദിപ്പിക്കുകയാണ് കെവികെയുടെ ലക്ഷ്യം. തുടര്‍ന്ന് കൃഷി വ്യാപകമാക്കും.
കുങ്കുമപ്പൂ കൃഷി, ഇടുക്കിയുടെ, കാര്‍ഷിക സാമ്പത്തിക മേഖലയ്ക്കും വലിയ, സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷ. ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച ഇന്ത്യയിലെ മികച്ച ടൂറിസം ഗ്രാമമായ കാന്തല്ലൂരിന്‍റെ കുങ്കുമപ്പൂക്കളെയും ഇനി ലോകം കാണട്ടെ...