ഇടുക്കി:കട്ടപ്പന പാറക്കടവിൽ ശബരിമല തീർഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം. കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിൽ കാപ്പാട്ട് ഷെഫീഖിന്‍റെ വീട്ടിലെ കാർ പോർച്ചിന് മുകളിലേക്കാണ് മിനി ബസ് മറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് നിസാര പരിക്കേറ്റു.
കട്ടപ്പന പാറക്കടവിൽ ശബരിമല തീർഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; ആളപായമില്ല - അപകടം
ഇന്ന് പുലർച്ചെ കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട മിനി ബസ് കാപ്പാട്ട് ഷെഫീഖിന്‍റെ വീട്ടിലെ കാർ പോർച്ചിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
രണ്ടാം തവണയാണ് ശബരിമല തീർഥാടകരുടെ വാഹനം ഷെഫീഖിന്‍റെ വീടിന് മുകളിലേക്ക് മറിയുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ ശബരിമല തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കട്ടപ്പന പാറക്കടവ് ബൈപ്പാസിലെ കൊടുംവളവിൽ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ടാണ് മിനി ബസ് കാർപോർച്ചിന് മുകളിലേക്ക് ഇടിച്ചു കയറിയത്. 16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകട വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ വർഷം ഏലക്ക കയറ്റി വന്ന വാഹനം ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. നാല് വർഷം മുമ്പ് ശബരിമല തീർഥാടകരുടെ വാഹനം ഈ വീടിന്‍റെ ഗെയ്റ്റ് തകർത്ത് സമീപമുള്ള വീടിന്‍റെ ചിമ്മിനിക്ക് മുകളിലേക്ക് ഇടിച്ചു കയറിയിരുന്നു. തുടർന്ന് വീട് പുതുക്കി പണിയുകയായിരുന്നു.