ഇടുക്കി/പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല മഹോത്സവത്തിനോടനുബന്ധിച്ച് കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. മേഖലയിൽ കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചു (Sabarimala Mandalakalam- Observation Tightened At Cumbammettu Checkpost). ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക പൊലീസ് സംഘത്തെ ചെക്ക്പോസ്റ്റിൽ നിയോഗിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാർക്ക് ആവശ്യമായ സുരക്ഷാക്രമീകരണം ഒരുക്കുകയാണ് ലക്ഷ്യം.
കമ്പംമെട്ട് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് നിലവിൽ മേഖലയിൽ ക്രമീകരണങ്ങൾ നടത്തുന്നത്. വരും ദിവസങ്ങളിൽ അയ്യപ്പന്മാരുടെ വരവ് കൂടുന്നതോടെ കൂടുതൽ പൊലീസുകാരെ വിവിധ സ്റ്റേഷനുകളിൽ നിന്ന് എത്തിക്കും. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിലെ പരിശോധന നടക്കുന്നത്. കമ്പംമെട്ട് വഴി എത്തുന്ന അയ്യപ്പന്മാർക്ക് എല്ലാവിധ സഹായങ്ങളും ചെയ്‌തു നൽകുമെന്ന് സേനാംഗങ്ങൾ പറഞ്ഞു
മണ്ഡലകാലത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ വിവിധ വകുപ്പുകൾ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തും. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ആണെന്ന് എക്സൈസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.
സന്നിധാനത്ത് കുഴഞ്ഞു വീണു മരിച്ചു:ശബരിമല ദർശനത്തിന് എത്തിയ വയോധിക സന്നിധാനത്ത് കുഴഞ്ഞു വീണു മരിച്ചു. ബന്ധുക്കൾക്കൊപ്പം എത്തിയ പട്ടാമ്പി തെക്കേ വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്‍റെ ഭാര്യ ഇന്ദിര (63) ആണ് മരിച്ചത്.