ഇടുക്കി :മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ എംഎം മണിക്കും ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് അംഗം കെവി ശശിക്കുമെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് എസ് രാജേന്ദ്രൻ. തോട്ടം തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ മണിയും ശശിയും ശ്രമിക്കുന്നുവെന്നും പാർട്ടി അനുവാദം കിട്ടിയാൽ വെടിവയ്ക്കുമെന്ന എംഎം മണിയുടെ പ്രസ്‌താവന പ്രതിഷേധാർഹമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാറിൽ വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 27) വാർത്താസമ്മേളനം നടത്തവെയാണ് മുന്‍ ദേവികുളം എംഎല്‍എ ഇക്കാര്യം പറഞ്ഞത്.
എംഎം മണിക്കെതിരെ സിപിഎമ്മിന് പരാതി നല്‍കുമെന്ന് എസ് രാജേന്ദ്രന്‍ ALSO READ|എസ് രാജേന്ദ്രൻ പാർട്ടിയിലില്ല; പൂര്‍ണമായും തള്ളി സിപിഎം ഇടുക്കി ജില്ല കമ്മിറ്റി
തൻ്റെ ജീവന് ഭീഷണിയുണ്ട്. മരിക്കാൻ പേടിയില്ല. സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിന്‍റെ ഹൈഡൽ പ്രൊജക്‌ടിന് (Hydel Project) തടയിട്ടത് താനെന്ന് വ്യാജ പ്രചാരണം നടത്തുകയാണ് കെവി ശശി. ഹൈഡൽ പദ്ധതിയിൽ നിയമ ലംഘനം നടന്നതുകൊണ്ടാണ് കോടതി പദ്ധതി തടഞ്ഞത്. പരാതിയുമായി കോടതിയെ സമീപിച്ചത് കോൺഗ്രസുകാരാണ്.
13 കോടി രൂപയ്ക്ക് ജില്ല ബാങ്ക് ജപ്‌തി നടപടി തുടങ്ങിയ ടി ആൻഡ് യു റിസോർട്ടാണ് സിപിഎം ഇടുക്കി ജില്ല കമ്മിറ്റി 29.5 കോടിക്ക് വാങ്ങിയത്. പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് നൽകുന്ന പരാതിയിൽ ഈ ക്രമക്കേടും സൂചിപ്പിക്കും.
സിപിഐയുമായി പണ്ടേ അടുപ്പമുണ്ട്. സിപിഐ സംസ്ഥാന നേതാക്കൾ പാർട്ടിയിലേക്ക് വിളിച്ചിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി പരാതിയിൽ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് ആയിരിക്കും പാര്‍ട്ടി വിടണോ എന്ന് തീരുമാനിക്കുകയെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.