ഇടുക്കി: യുക്രൈനില്‍ നിന്നും മകന്‍ എത്രയും വേഗം തിരികെ എത്തണമെന്ന പ്രാർഥനയിലാണ് കുരുവിള സിറ്റിയിലെ കരോട്ട് കുടുംബം. യുക്രൈനിൽ എംബിബിഎസ് പഠിക്കുന്ന ബേസിലും സുഹൃത്തുക്കളും ദിവസങ്ങളായി റഷ്യൻ അതിർത്തി മേഖലയോട് ചേർന്നുള്ള കർക്കീവിൽ കുടുങ്ങി കിടക്കുകയാണ്.
കര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ ബേസിലിനൊപ്പം പത്തനംതിട്ട സ്വദേശികളായ അജാസ്, അല്‍ഫിയ, വിഷ്‌ണുനന്ദ, സൗമ്യ എന്നീ സഹപാഠികളുമുണ്ട്. ദിവസങ്ങളായി മെട്രോ സ്‌റ്റേഷനിലാണ് ഇവര്‍ കഴിയുന്നത്. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള കര്‍ക്കീവില്‍ ഓരോ ദിവസവും ഭയത്തോടെയാണ് ഇവർ തള്ളി നീക്കുന്നത്.
നിലവില്‍ താമസിക്കുന്ന മെട്രോ സ്‌റ്റേഷനും ബങ്കറുകളും പോലും സുരക്ഷിതമല്ലെന്ന ആശങ്ക ബേസില്‍ പങ്കുവയ്ക്കുന്നു. മൈനസ് ഡിഗ്രി തണുപ്പില്‍ ഷീറ്റ് തറയില്‍ വിരിച്ചാണ് ഇവര്‍ കിടക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ മാത്രമാണ് ആശയ വിനിയത്തിനുള്ള ഏക ആശ്രയം.