ഇടുക്കി: ജില്ലയിൽ ആർ.എസ്.പിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് മുറുകുന്നു. മുന്നണി ധാരണ പ്രകാരം സീറ്റുകള്‍ നല്‍കിയ ശേഷം കോണ്‍ഗ്രസ് പരാജയപ്പെടുത്തിയെന്നാണ് ആർ.എസ്.പിയുടെ ആരോപണം.
ഇടുക്കിയില്‍ ആർ.എസ്.പി-കോണ്‍ഗ്രസ് പോര് മുറുകുന്നു - local body election
നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ ആർ.എസ്.പി. ഒറ്റയ്‌ക്കാണ് മത്സരിച്ചിരുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കോണ്‍ഗ്രസും ആർ.എസ്.പിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേറ്റിരുന്നു. നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ ആർ.എസ്.പി. ഒറ്റയ്‌ക്കാണ് മത്സരിച്ചിരുന്നത്. മുന്‍ധാരണ പ്രകാരം ഉറപ്പ് നല്‍കിയിരുന്ന സീറ്റുകള്‍ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ആർ.എസ്.പി. ഒറ്റയ്‌ക്ക് മത്സരിച്ചത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ യു.ഡി.എഫിനേറ്റ കനത്ത പരാജയത്തിന് കാരണം കോണ്‍ഗ്രസ് നേതാക്കളാണെന്ന് ആർ.എസ്.പി. ആരോപിച്ചിരുന്നു. ഇതിനു പുറമെയാണ് ജില്ലയില്‍ ആർ.എസ്.പിയ്‌ക്ക് അനുവദിച്ച വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ പരാജയപെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചതായി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം നെടുങ്കണ്ടം മേഖലയിലെ നിരവധി ആർ.എസ്.പി. പ്രവര്‍ത്തകര്‍ രാജി വച്ച് സി.പി.എമ്മിൽ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, മുന്നണിക്ക് അര്‍ഹമായ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ രാജി വച്ചതെന്നാണ് ആർ.എസ്.പി. നിയോജക മണ്ഡലം കമ്മറ്റിയുടെ വിശദീകരണം.