ഇടുക്കി: ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്നുള്ള ആദ്യ മന്ത്രിയായി റോഷി അഗസ്റ്റിൻ നാളെ ചുമതലയേൽക്കും. ഇത് ഇടുക്കിക്ക് ചരിത്ര നിമിഷമാകും. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ കടന്നു വന്ന റോഷി അഗസ്റ്റിൻ രണ്ടര പതിറ്റാണ്ടായി ഇടുക്കിയിലെ ജനങ്ങളുടെ മനസറിഞ്ഞ എംഎൽഎ ആണ്.
പാലാ ചക്കാമ്പുഴയില്‍ ചെറുനിലത്തുചാലില്‍ വീട്ടില്‍ അഗസ്റ്റിന്‍ ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20 ന് ജനനം. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ഇടക്കോലി ഗവ. ഹൈസ്കൂള്‍ ലീഡറായി തുടക്കം. പിന്നീട് കെഎസ്‌സി(എം) യൂണിറ്റ് പ്രസിഡന്‍റായും പാലാ സെന്‍റ് തോമസ് കോളജ് യൂണിറ്റ് പ്രസിഡന്‍റായും യൂണിയന്‍ ഭാരവാഹിയായും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി. തുടർന്ന് കേരളാ കോണ്‍ഗ്രസ്(എം) ന്‍റെ ഭാരവാഹിയായി മാറി. കേരളാ ലീഗല്‍ എയ്ഡ് അഡ്വൈസറി ബോര്‍ഡ് മെമ്പറായും രാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും ആദ്യകാല പ്രവര്‍ത്തനം. കെഎസ്‌സി(എം) സംസ്ഥാന പ്രസിഡന്‍റായിരിക്കെ അഴിമതിക്കും ലഹരി വിപത്തുകള്‍ക്കുമെതിരെ 1995 ല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന പദയാത്രയും 2001ല്‍ വിമോചന യാത്രയും നടത്തി ശ്രദ്ധേയമായി.
റോഷി അഗസ്റ്റിന്‍റെ നിയമസഭയിലേക്കുള്ള കന്നിയങ്കം പേരാമ്പ്രയില്‍ നിന്നായിരുന്നു. അതും ഇരുപത്തിയാറാം വയസില്‍. കന്നിയങ്കത്തിൽ പരാജയം സംഭവിച്ചെങ്കിലും കെഎം മാണിയുടെ പ്രിയ ശിഷ്യൻ 2001ല്‍ ഇടുക്കിയില്‍ നിന്നും ത്രികോണ മത്സരത്തില്‍ സിറ്റിങ് എംഎല്‍എയെ പരാജയപ്പെടുത്തി മികച്ച വിജയം നേടി. തുടര്‍ന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാൻ റോഷി അഗസ്റ്റിനായി. ഇരുപത് വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങൾ റോഷിയെ ശ്രദ്ധേയനാക്കി. രാഷ്ട്രീയത്തിനതീതമായി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍കൊണ്ട് നേടിയെടുത്ത സൗഹൃദങ്ങളും വ്യക്തി ബന്ധങ്ങളും വോട്ടായി റോഷി അഗസ്റ്റിന് മാറിയിട്ടുണ്ട്.