ഇടുക്കി: കനത്ത കാറ്റും മഴയും പീരുമേട് തോട്ടം മേഖലയിൽ വൻ നാശം വിതച്ചു. പീരുമേട് ടീ കമ്പനിയിലെ ചീന്തലാർ ഒന്നാം ഡിവിഷനില്‍ ലയങ്ങളുടെ മേൽക്കൂര തകർന്ന് ആറു തൊഴിലാളികൾക്ക് പരിക്കേറ്റു. നാലു കുടുംബങ്ങളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.ലയങ്ങളിൽ താമസിച്ചിരുന്നവരെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി.
ഇടുക്കിയിൽ ലയങ്ങളുടെ മേൽക്കൂര തകർന്ന് ആറു തൊഴിലാളികൾക്ക് പരിക്കേറ്റു കഴിഞ്ഞ 20 വർഷത്തിലധികമായി പീരുമേട് ടീ കമ്പനിയുടെ രണ്ടു ഡിവിഷനുകളും അടഞ്ഞുകിടക്കുകയാണ്. ഉടമകൾ തോട്ടം ഉപേക്ഷിച്ച് പോയതിൽ പിന്നെ ലയങ്ങളുടെ അറ്റകുറ്റപണികൾ നടന്നിട്ടില്ല. ഏതു നിമിഷവും തകർന്നു വീഴാവുന്ന ലയങ്ങളിലാണ് തൊഴിലാളികൾ കഴിയുന്നത്. മഴക്കാലം ഇവർക്ക് ഭീതിയുടെ കാലം കൂടിയാണ്.
തേയില തോട്ടങ്ങൾ പ്രതിസന്ധിയിലായതോടെ ആശുപത്രി സേവനമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. തൊഴിലാളി സംഘടനകൾ വീതം വച്ചു നൽകിയിരിക്കുന്ന തേയില ചെടികളിലെ കിളുന്ത് എടുത്താണ് തൊഴിലാളികൾ നിത്യ ചെലവിനുള്ള പണം കണ്ടെത്തുന്നത്. ഇതിനിടെ ലയങ്ങൾ നന്നാക്കാൻ സാമ്പത്തിക പ്രതിസന്ധി മൂലം കഴിയാറില്ല.
തോട്ടം തൊഴിലാളികൾക്കായി ഭവനപദ്ധതി നടപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനവും ജലരേഖയാവുകയാണ്. വരും ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുമ്പോൾ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
ALSO READ: തോട്ടം മേഖലയിലെ പ്രതിസന്ധി, രണ്ടാം ഇടതുമുന്നണി സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് തൊഴിലാളികൾ