ഇടുക്കി:തിരുപ്പൂരിൽ നിന്നും ഇതര സംസ്ഥാനങ്ങളിലേയ്ക്ക് പാറമണല്‍ കയറ്റുമതി ചെയ്യുന്നതിന് വിലക്ക്. തിരുപ്പൂർ ജില്ലാ കലക്‌ടർ ഡോ.കെ വിജയകാര്‍ത്തികേയനാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ കേരളത്തിന്‍റെ അതിര്‍ത്തി മേഖലകളിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി.
തിരുപ്പൂരിൽ നിന്നും പാറമണൽ വരില്ല; കേരളം പ്രതിസന്ധിയിൽ - തിരുപ്പൂർ പാറമണൽ
ഇടുക്കിയിലെ മറയൂര്‍ അടക്കമുള്ള വിദൂര പഞ്ചായത്തുകളില്‍ നിർമാണ സാമഗ്രികള്‍ എത്തിക്കുന്നത് തിരുപ്പൂരിലെ ഉടുമല്‍പ്പേട്ടയില്‍ നിന്നാണ്. കയറ്റുമതി തടഞ്ഞുകൊണ്ടുള്ള തിരുപ്പൂര്‍ ജില്ലാ കലക്‌ടറുടെ ഉത്തരവ് ഹൈറേഞ്ച് മേഖലയിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി
ഇടുക്കിയിലെ മറയൂര്‍ അടക്കമുള്ള വിദൂര പഞ്ചായത്തുകളില്‍ പാറയും മണലും മെറ്റലും അടക്കമുള്ള നിർമാണ സാമഗ്രികള്‍ എത്തിക്കുന്നത് തിരുപ്പൂരിലെ ഉടുമല്‍പ്പേട്ടയില്‍ നിന്നാണ്. പാറമണല്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള തിരുപ്പൂര്‍ ജില്ലാ കലക്‌ടറുടെ ഉത്തരവ് ഹൈറേഞ്ച് മേഖലയിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറുകയാണ്. നിർമാണങ്ങള്‍ക്ക് ഏറ്റവും പ്രധാനമായ പാറമണല്‍ കിട്ടാതായതോടെ സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിർമാണമടക്കം നിലച്ച അവസ്ഥയിലാണ്. തിരുപ്പൂരില്‍ പരിസ്ഥിതിയെ തകര്‍ക്കുന്ന തരത്തില്‍ പാറപൊട്ടിച്ച് മാറ്റുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിൽ ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് 2019 മാര്‍ച്ച് 14ലെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പാറമണല്‍ കയറ്റുമതി നിരോധിച്ചത്. ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ്, റവന്യൂ, വനംവകുപ്പുകള്‍ക്ക് കര്‍ശന നിർദേശവും നല്‍കിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്ന് പാറമണല്‍ എത്തിക്കുന്നതിന് വന്‍തുക മുടക്കേണ്ട അവസ്ഥയാണുള്ളത്.