ഇടുക്കി:കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം പാറ അടർന്ന് വീണ് കാറിന് മുകളിൽ പതിച്ച് ഒരാൾ മരണപ്പെട്ടു. ഇടുക്കി ഉപ്പുതറ സ്വദേശിനി സോമിനി (67) എന്ന സൗദാമിനിയാണ് മരണപ്പെട്ടത്. ഇന്ന് (ഓഗസ്റ്റ് 13 ഞായറാഴ്‌ച) വൈകുന്നേരമായിരുന്നു അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
പാഞ്ചാലിമേട് കണ്ട് തിരികെ വരുന്ന വഴി കുട്ടിക്കാനത്തിന് താഴെ വളഞ്ഞങ്ങാനം വളവിൽ റോഡ് അരികിൽ കാർ നിർത്തിയിട്ടിരുന്നു. ഈ സമയം റോഡരികിലെ തിട്ടയും പാറയും ഇടിഞ്ഞ് കാറിന്‍റെ മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
സോമിനിക്ക് പുറമെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ വിപിൻ, ഭാര്യ അനിഷ്‌ക, ഭാര്യ മാതാവ് ഷീല, കുട്ടികളായ ലക്ഷ്യ (എട്ടു മാസം), ആദവ് (5) എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരുടെ സഹായി ആയിരുന്നു മരണപ്പെട്ട സോമിനി. അപകടത്തില്‍ പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടിക്കൊണ്ടിരിക്കെ റോഡ് ഇടിഞ്ഞ് ബസ് താഴേക്ക്, 12 പേർക്ക് പരിക്ക്: റോഡ് ഇടിഞ്ഞ് ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. ഷിംലയിലെ മാണ്ഡിയിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. എട്ട് പേരുടെ പരിക്കുകൾ നിസാരമാണ്.
സുന്ദർനഗർ യൂണിറ്റിൽ നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. ഷിലംയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. മാണ്ഡി ജില്ലയിലെ റോഡ് ഇടിഞ്ഞതോടെയാണ് ബസ് മറിഞ്ഞത്. എന്നാൽ ഇടിഞ്ഞുവീണ മൺകൂനയ്‌ക്ക് മുകളിൽ ബസ് തങ്ങി നിന്നതുകൊണ്ട് കൂടുതൽ താഴ്‌ചയിലേക്ക് മറിയാതിരുന്നത് അപകടത്തിന്‍റെ വ്യാപ്‌തി കുറച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.