പ്രളയത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല; പരാതിയുമായി നാട്ടുകാര്‍
പ്രദേശത്ത് ഒരു അപായ സൂചന ബോര്‍ഡെങ്കിലും താല്‍ക്കാലികമായി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഇടുക്കി: അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ പനംകുട്ടി പവര്‍ഹൗസിന് മുന്‍ഭാഗത്തെ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ലെന്ന് പരാതി. 2018 ലെ മഹാപ്രളയത്തിലാണ് പവര്‍ഹൗസിന് മുന്‍വശത്തുള്ള റോഡ് ഭാഗികമായി ഒലിച്ചുപോയത്. റോഡ് തകര്‍ന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് അവഗണയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അപകടഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന ഭാഗത്ത് ഒരു അപായ സൂചന ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ലെന്ന് വാഹനയാത്രികള്‍ പറയുന്നു. ഇത് വലിയ ദുരന്തം വിളിച്ചുവരുത്തുമെന്നും അടിയന്തരമായി സംരക്ഷണ ഭിത്തിയടക്കം ഉള്‍പ്പെടുത്തി പാത പുനര്‍നിര്‍മിക്കണമെന്നുമാണ് ആവശ്യം. ഇതുവഴിയെത്തുന്ന പുതിയ വാഹനയാത്രികര്‍ പലപ്പോഴും തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. പ്രളയ സമാനമായി വീണ്ടും പുഴയില്‍ വെള്ളമുയര്‍ന്നാല്‍ പാത വീണ്ടും ഇടിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.