ഇടുക്കി :കാലിത്തീറ്റ വില വർധനയിൽ ഇടുക്കിയിലെ ക്ഷീര കര്‍ഷകർ പ്രതിസന്ധിയിൽ. കാലിത്തീറ്റയുടെ വില വർധനവും ഉത്പാദന ചെലവിന് ആനുപാതികമായ വില ലഭിക്കാത്തതുമാണ് കര്‍ഷകരെ വലയ്ക്കുന്നത്. ലിറ്ററിന് 48 രൂപ ഈടാക്കി ക്ഷീര സംഘങ്ങള്‍ പാല്‍ പുറത്തുവില്‍ക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് ലിറ്ററിന് 36 രൂപവരെ മാത്രമാണ്. മുൻപ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിച്ചിരുന്ന ഇന്‍സെന്‍റീവും ഇപ്പോള്‍ കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കാലിത്തീറ്റ വില വർധന : ക്ഷീരകര്‍ഷകർ പ്രതിസന്ധിയിൽ - ഇടുക്കിയിലെ ക്ഷീര കര്‍ഷകർ
48 രൂപ ഈടാക്കി ക്ഷീര സംഘങ്ങള്‍ പാല്‍ പുറത്ത് വില്‍ക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് ലിറ്ററിന് 36 രൂപവരെ മാത്രമാണ്.
പാല് ഉത്പാദനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇടുക്കിയിലുള്ളത്. കാലിത്തീറ്റയുടെ വില വർധനയാണ് പ്രധാനമായും ഇവരുടെ മുന്നിലെ പ്രതിസന്ധി. 50 കിലോഗ്രാമിന്‍റെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ 1290 രൂപയാണ് വില. രണ്ട് പശുക്കളുണ്ടെങ്കില്‍ ഇത് ഒരാഴ്‌ചത്തേക്ക് പോലും തികയില്ലെന്ന് കർഷകർ പറയുന്നു. 2020ലാണ് മില്‍മ അവസാനമായി പാല്‍ വില വർധിപ്പിച്ചത്. നിലവില്‍ ഏറ്റവും കൊഴുപ്പേറിയ പാലിന് ലഭിക്കുന്നത് മുപ്പത്തിയാറ് രൂപമാത്രമാണ്. കൊഴുപ്പ് കുറയുന്നതനുസരിച്ച് വിലയും കുറയും. എന്നാല്‍ ഏത് തരത്തിലുള്ള പാലും മില്‍മ പുറത്തുവിൽക്കുന്നത് ലിറ്ററിന് 48 രൂപയ്ക്കാണ്.
10 ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാന്‍ കര്‍ഷകന് മുന്നൂറ് രൂപയോളമാണ് ചിലവ്. നിലവിലെ പ്രതിസന്ധിയിൽ നിരവധി കര്‍ഷകര്‍ ക്ഷീര മേഖല ഉപേക്ഷിക്കുകയാണ്. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.