ഇടുക്കി: ഉടുമ്പൻചോല ബി.എൽ റാമിൽ സർക്കാർ ഭൂമിയിൽ നിന്നും മുറിച്ചു കടത്തുവാൻ ശ്രമിച്ച ലക്ഷങ്ങളുടെ മരങ്ങൾ വനം വകുപ്പും റവന്യൂ അധികൃതരും പിടികൂടി. റവന്യൂ ഭൂമിയിൽ നിന്ന 62 യൂക്കാലിപ്‌റ്റസ് മരങ്ങളാണ് കഴിഞ്ഞദിവസം ലോക്ക്‌ഡൗണിന്‍റെ മറവിൽ മുറിച്ച് കടത്താൻ ശ്രമിച്ചത്.
ഉടുമ്പൻചോലയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച മരങ്ങൾ പിടികൂടി - ഇടുക്കി
റവന്യൂ, വനം വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുറിച്ച മരങ്ങൾ കണ്ടെത്തിയത്.
കൈവശ ഭൂമിയിലെ മരങ്ങൾ എന്ന വ്യാജേനയാണ് വന്യൂ ഭൂമിയിൽ നിന്ന് മരങ്ങൾ വെട്ടി മാറ്റിയത്. മരങ്ങൾക്ക് 35 മുതൽ 80 സെന്‍റീ മീറ്റർ വരെ വലിപ്പം ഉണ്ടായിരുന്നു. റവന്യൂ, വനം വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ മുറിച്ച മരങ്ങൾ കണ്ടെത്തുകയും ചെയ്‌തു. മരങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചിന്നക്കനാൽ വില്ലേജ് ഓഫീസിൽ എത്തിച്ചു. മരങ്ങൾ നിന്ന ഭൂമി വനം ഭൂമിയാണോ റവന്യൂ ഭൂമിയാണോ എന്ന് വ്യക്തതയില്ലാത്തതിനാൽ തുടർ നടപടികൾ മരവിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ റവന്യൂ വനം എന്നീ വകുപ്പുകളുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് റവന്യൂ ഭൂമിയിൽ നിന്നാണ് മോഷണം നടന്നതെന്ന് കണ്ടെത്തിയത്.
സംഭവത്തിൽ കലക്‌ടറുടെ നിർദേശ പ്രകാരം ക്രിമിനൽ നടപടി ക്രമങ്ങൾ ഉൾപ്പെടെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് റവന്യൂ വകുപ്പ്. മേഖലയിൽ സമാന രീതിയിലുള്ള മോഷണം ഇതിനു മുൻപും നടന്നിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.