ഇടുക്കി: ചിന്നക്കനാലിൽ വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയ കെഎസ്ഇബി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ച് റവന്യൂ വകുപ്പ്. ആനയിറങ്കൽ ജലാശയത്തിന്‍റെ വൃഷ്‌ടി പ്രദേശത്ത് കെഎസ്ഇബി ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കർ ഭൂമിയിലാണ് കൈയേറ്റം നടന്നത്. തുടര്‍ന്ന് ഭൂമി കെഎസ്ഇബിക്ക് കൈമാറി. വ്യാജരേഖയുണ്ടാക്കി കുത്തക പാട്ടഭൂമി എന്ന രീതിയിൽ കൈവശപ്പെടുത്തിയ ഭൂമിയാണ് തിരിച്ചുപിടിച്ചത്.
ചിന്നക്കനാലിൽ കെഎസ്ഇബി ഭൂമിയിലെ കയ്യേറ്റം റവന്യൂവകുപ്പ് ഒഴിപ്പിച്ചു
വ്യാജരേഖയുണ്ടാക്കി കുത്തക പാട്ടഭൂമി എന്ന രീതിയിൽ കൈവശപ്പെടുത്തിയ ഭൂമിയാണ് റവന്യൂ വകുപ്പ് ഒഴിപ്പിച്ച് കെഎസ്‌ഇബിക്ക് കൈമാറിയത്.
റവന്യൂ വകുപ്പിന്‍റെ നടപടിക്കെതിരെ ഭൂമി കൈവശപ്പെടുത്തിയ തോമസ് കുരുവിള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ റവന്യൂ വകുപ്പിന്‍റെ കണ്ടെത്തൽ ഹൈക്കോടതി ശരിവെച്ചു. അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ തോമസ് കുരുവിളക്കെതിരെ 50,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു. തുടർ നടപടികളുടെ ഭാഗമായാണ് എൽ ആർ തഹസിൽദാർ കെ എസ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം നേരിട്ട് ഭൂമി ഏറ്റെടുത്ത് കെഎസ്ഇബിക്ക് കൈമാറിയത്.
ഡാം സേഫ്റ്റി സബ് ഡിവിഷൻ എ ഇ ബാബു ജോസഫ്, സബ് എഞ്ചിനീയർ ജേക്കബ് എന്നിവർ നേരിട്ടെത്തി ഭൂമിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു. വരും ദിവസങ്ങളിലും ചിന്നക്കനാൽ മേഖലയിലെ കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സൂചന.