ഇടുക്കി: മംഗള വളര്‍ന്ന് വലുതായി. ഇനി തിരികെ കാട്ടിലേക്ക്. തള്ളക്കടുവ ഉപേക്ഷിച്ചതിനെ തുടന്ന് വനപാലകർ എടുത്തു വളർത്തിയ മംഗള എന്ന കടുവക്കുഞ്ഞിനെ വേട്ടയാടാന്‍ പഠിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ കൂട്ടിലേക്ക് മാറ്റി. പെരിയാർ കടുവ സങ്കേതത്തിലെ വനത്തിനുള്ളിൽ ഇതിനായി പ്രത്യേക സ്ഥലം തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു കടുവ കുഞ്ഞിന് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത്.
വനപാലകര്‍ കണ്ടെത്തിയ കടുവ കുഞ്ഞ്
കഴിഞ്ഞ നവംബറിലാണ് രണ്ടര മാസം പ്രായമുള്ള കടുവ കുഞ്ഞിനെ വനപാലകര്‍ അവശ നിലയില്‍ കണ്ടെത്തിയത്. മംഗളാദേവി മലയടിവാരത്തില്‍ നിന്ന് ലഭിച്ചതിനാല്‍ മംഗള എന്ന് പേരിട്ടു. പെരിയാർ കടുവ സങ്കേതത്തിലെ കരടിക്കവലക്ക് സമീപത്തെ വനംവകുപ്പിന്‍റെ ചെറിയ കൂട്ടിലാണ് മംഗള കഴിഞ്ഞ എട്ടുമാസം കഴിഞ്ഞത്. ഇതിനിടെ, മംഗള വളര്‍ന്ന് വലുതായി.
ലോക കടുവ ദിനത്തോടനുബന്ധിച്ച് മംഗളയെ കാട്ടിലേക്ക് വിടാന്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി തേക്കടി റേഞ്ചിലെ കൊക്കരക്കണ്ടം ഭാഗത്ത് 22 അടി ഉയരത്തിലും പതിനായിരം അടി വിസ്തൃതിയിലും കമ്പിവേലി കെട്ടി തിരിച്ച് കടുവക്കുട്ടിക്കായി 'സ്വന്തം' വനം ഒരുക്കുകയായിരുന്നു.