ഇടുക്കി:അരിക്കൊമ്പനെ ഹൈക്കോടതിക്ക് സമീപമുള്ള സംരക്ഷിത വനമായ മംഗളവനത്തില്‍ കൊണ്ടുവിടണം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ സംവാദം ഉയരുന്നു. ഓണ്‍ലൈന്‍ പെറ്റീഷന്‍ പ്ലാറ്റ്‌ഫോമായ ചെയ്ഞ്ച് ഡോട് ഓര്‍ഗില്‍ ഇത് സംബന്ധിച്ച ഒരു നിവേദനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഞ്ഞൂറോളം ഒപ്പുകള്‍ ശേഖരിക്കാന്‍ എന്ന രീതിയിലാണ് പരാതിയുള്ളത്.
സംസ്ഥാന വനംവകുപ്പിനുള്ള നിവേദനം, പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ:നൂറ്റാണ്ടുകളായി പ്രകൃതിയുമായുള്ള സംഘട്ടനത്തിന് ശേഷമാണ് മനുഷ്യൻ ലോകം നിർമിച്ചത്. ആനത്താരകൾ (ആനപ്പാതകൾ) നിലനിന്നിരുന്ന വനമായിരുന്നു എറണാകുളം നഗരം. നൂറ്റാണ്ടുകളായി മനുഷ്യർ നടത്തിയ പ്രകൃതി ചൂഷണം എറണാകുളത്തെ ഇന്ന് കാണുന്ന ആധുനിക നഗരമാക്കി മാറ്റി. ഗ്രാമീണ, ഹൈറേഞ്ച് മേഖലകളിൽ താമസിക്കുന്നവരാണ് സാമൂഹികവും സാമ്പത്തികവുമായ ആനുകൂല്യങ്ങളുടെ അഭാവം മൂലം അവിടെ ജീവിക്കാൻ നിർബന്ധിതരായ ഏറ്റവും പിന്നാക്കം നിൽക്കുന്ന ആളുകളാണ്. ആ മനുഷ്യർ മറ്റാരെക്കാളും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ്. കാടുകളിലേക്ക് നുഴഞ്ഞുകയറിയവരെന്നു കുറ്റപ്പെടുത്തുന്നത് അസംബന്ധവും ചരിത്രത്തിന്‍റേയും വസ്‌തുതകളുടേയും നിഷേധവുമാണ്.
അങ്ങനെയാണെങ്കിൽ, ഓരോ മനുഷ്യനും എപ്പോഴെങ്കിലും കാടുകൾ ആക്രമിച്ചിട്ടുണ്ട്. ഗ്രാമീണ ഹൈറേഞ്ച് പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് നഗരങ്ങളിലെ ആളുകളെപ്പോലെ അന്തസോടെയും സുരക്ഷിതത്തത്തോടെയും ജീവിക്കാൻ എല്ലാ അവകാശവുമുണ്ട്. കാട്ടിലെ വന്യജീവികളേക്കാൾ നിർണായകവും വിലപ്പെട്ടതുമാണ് ആ മനുഷ്യരുടെ ജീവിതവും അവകാശങ്ങളും. ഹാനികരമായ വന്യമൃഗങ്ങളെക്കാൾ പൗരന്മാരുടെ ആശങ്കകൾക്ക് ഭരണകൂടം മുൻഗണന നൽകണം.