ഇടുക്കി: ഇടുക്കി പാമ്പാടുംപാറയിൽ 250 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് രാത്രിയുടെ മറവിൽ റിയൽ എസ്റ്റേറ്റ് സംഘം തകർത്തതായി പരാതി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ കല്ലാർമെട്ട് റോഡാണ് ടിപ്പറുകൾ കയറിയിറങ്ങിയതിനെ തുടര്‍ന്ന് തകർന്നത്. 15 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് നിർമിച്ച റോഡിന്‍റെ ഒരു ഭാഗമാണ് തകർന്നത്.
കല്ലാർമെട്ട് കോളനി നിവാസികളും സമീപപ്രദേശങ്ങളിലെ 250 ഓളം കുടുംബങ്ങളും ആശ്രയിച്ചിരുന്ന റോഡാണിത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെ അനുമതിയില്ലാതെ ടിപ്പർ ലോറികളില്‍ മണ്ണ് കയറ്റി റിയൽ എസ്റ്റേറ്റ് നടത്തിപ്പുകാർ വിലയ്ക്ക് വാങ്ങിയ ഭൂമിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഭാരവാഹനങ്ങൾ തുടർച്ചയായി കയറി ഇറങ്ങിയതോടെ റോഡ് പൂർണമായും തകർന്നു.