ഇടുക്കി:വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം.. ഒടുവില്‍ രാമറിന്‍റെ കുടുംബത്തിന് കയ്യേറ്റക്കാരില്‍ നിന്നും ഭൂമിയും വീടും തിരിച്ചുകിട്ടി. 2005-06 കാലഘട്ടത്തിൽ രാമറിന് സർക്കാരിൽ നിന്ന് ലഭിച്ച ഭൂമിയാണ് പണത്തിന്‍റെ ബലത്തില്‍ കയ്യേറ്റക്കാര്‍ വ്യാജ രേഖയുണ്ടാക്കി കൈക്കലാക്കിയത്. അന്ന് തുടങ്ങിയ നിയമ പോരാട്ടമാണ് ഇന്ന് വിജയം കണ്ടത്. രാവിലെ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍ വീടിന്‍റെ താക്കോല്‍ കൈമാറി.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം; കൈയ്യേറ്റക്കാരില്‍ നിന്നും ഭൂമിയും വീടും തിരികെ പിടിച്ച് ഒരു കുടുംബം 2005-06 കാലഘട്ടത്തിൽ കേരള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം സ്ഥലവും ഭവന നിര്‍മ്മാണത്തിനായി ധനസഹായവും സർക്കാർ നൽകിയിരുന്നു. ഇതിനായി മഹാത്മാ ഗാന്ധി കോളനിയിലെ 213-ാം നമ്പര്‍ പ്ലോട്ടാണ് രാമര്‍ക്ക് അനുവദിച്ച് നൽകിയത്. വീട് നിര്‍മ്മിക്കുന്നതിന് 45000 രൂപയും നല്‍കി.
ആൾമാറാട്ടം, കയ്യേറ്റം: എന്നാൽ സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ എത്തിയതോടെയാണ് ഭൂമി മറ്റൊരാള്‍ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത് രാമര്‍ അറിയുന്നത്. പഞ്ചായത്ത് രേഖയില്‍ രാമറിന്‍റെ പേരും ഫോട്ടോയും ജനപ്രതിനിധികളുടെ ഒപ്പും മാറ്റി ആള്‍മാറാട്ടം നടത്തിയാണ് ചൊക്കനാട് സ്വദേശി ഭൂമി സ്വന്തമാക്കിയത്.
ഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്- റവന്യു-പൊലീസ് എന്നിവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് രാമര്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിയമപോരാട്ടത്തിനിടെ രാമറിന് ജീവന്‍ നഷ്ടമായെങ്കിലും ഭാര്യ ലക്ഷ്‌മി പോരാട്ടം കൈവിട്ടില്ല. ഒടുവില്‍ ഭൂമിയും വീടും വിട്ടുനല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
എന്നിരുന്നാലും ജീവിച്ചിരിക്കുന്ന കാലത്ത് സ്വന്തം ഭൂമിയില്‍ കൂര നിര്‍മ്മിച്ച് കിടന്നുറണം എന്ന ആഗ്രഹം രാമിറിന് നിറവേറ്റാനായില്ല എന്ന വിഷമം ഭാര്യ ലക്ഷ്‌മിക്കുമുണ്ട്. ഇത്തരത്തില്‍ സൗജന്യ ഭൂമി ലഭിച്ചിട്ടും അതില്‍ വീട് നിര്‍മ്മിക്കാന്‍ കഴിയാത്ത നൂറുകണക്കിന് സാധാരണക്കാരാണ് മൂന്നാറിലുള്ളത്. മഹാത്മാ ഗാന്ധി കോളനിയില്‍ 35 ഓളം ആളുകളാണ് പട്ടികജാതിയില്‍പ്പെട്ടവരുടെ ഭൂമികള്‍ കൈവശം വെച്ചിരിക്കുന്നത്.