കേരളം

kerala

ETV Bharat / state

രാജ്‌കുമാറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും - രാജ്‌കുമാറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും

മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം. അമ്മക്കും ഭാര്യക്കും മക്കള്‍ക്കും നാല് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനം.

രാജ്‌കുമാറിന്‍റെ ഭാര്യം അമ്മയും

By

Published : Jul 17, 2019, 11:26 AM IST

Updated : Jul 17, 2019, 8:32 PM IST

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് കസ്റ്റഡി മരണം സംഭവിച്ച രാജ്‌കുമാറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഭാര്യക്കും അമ്മക്കും രണ്ടു മക്കള്‍ക്കും നാല് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായി.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് കുടുംബത്തിന് 16 ലക്ഷം രൂപ സഹായധനം നല്‍കുന്നത്. കുട്ടികള്‍ക്ക് നല്‍കുന്ന സഹായധനം കുട്ടികളുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ചെലവുകള്‍ക്കുമായി രക്ഷാകര്‍ത്താവിന് പിന്‍വലിക്കാനാവും. കുട്ടികള്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാകും നിക്ഷേപം നടത്തുക. മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭിക്കത്തക്കവിധം അനുവദിക്കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

എയ്‌ഡഡ് സ്‌കൂള്‍ ലോവര്‍ പ്രൈമറി-അപ്പര്‍ പ്രൈമറി ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക് സമയബന്ധിത ഹയര്‍ ഗ്രേഡ് നല്‍കാന്‍ തീരുമാനിച്ചു. കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഓഫീസര്‍ കാറ്റഗറിയിലെ 121 തസ്തികകള്‍ ഉള്‍പ്പെടുന്ന സ്റ്റാഫ് പാറ്റേണിനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. ലാന്‍റ് ബോര്‍ഡിന്‍റെ വിവിധ ഓഫീസുകളിലെ 768 താല്‍ക്കാലിക തസ്തികകള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കി. പ്രവര്‍ത്തനം അവസാനിപ്പിച്ച ലാന്‍റ് ട്രൈബ്യൂണലുകളിലെ താല്‍ക്കാലിക തസ്തികകളെ പുതുതായി രൂപീകരിച്ച ലാന്‍ഡ് ട്രൈബ്യൂണുകളിലേക്ക് പുനര്‍വിന്യസിക്കാനും തീരുമാനിച്ചു.

കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡിന്‍റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെയും ടൈറ്റാനിയം ഡയോക്സൈഡ് പിഗ് മെന്‍റ് യൂണിറ്റിലെയും തൊഴിലാളികളുടെ ദീര്‍ഘകാല കരാറിന് ആവശ്യമായ തുക കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കും. ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റിലെ ലൈബ്രറി അസിസ്റ്റന്‍റ് തസ്തികയില്‍ മുന്‍കാല പ്രാബല്യത്തോടെ സെലക്ഷന്‍ ഗ്രേഡ് ലൈബ്രറി അസിസ്റ്റന്‍റ് എന്ന പുതിയ ഗ്രേഡ് അനുവദിക്കാന്‍ തീരുമാനിച്ചു. സർക്കാരിന്‍റെ പ്രധാനപ്പെട്ട കേസുകളുടെ നടത്തിപ്പിന്‍റെ മേല്‍നോട്ടം വഹിക്കുന്നതിനായി കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ. വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിച്ചു. കാലാവധി അവസാനിച്ച ഹൈക്കോടതി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെ നിയമന കാലാവധി ദീര്‍ഘിപ്പിച്ചു നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

Last Updated : Jul 17, 2019, 8:32 PM IST

For All Latest Updates

ABOUT THE AUTHOR

...view details