ഇടുക്കി:രാജ്‌കുമാർ കസ്റ്റഡി മരണത്തിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്മേലുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്‌തും അന്വേഷണ ഏജൻസികളുടെ അപൂർണമായ കണ്ടെത്തലുകളിൽ അതൃപ്തി പ്രകടിപ്പിച്ചും ആക്ഷൻ കൗൺസിൽ. രാജ്‌കുമാറിന്‍റെ നേതൃത്വത്തിൽ തട്ടിച്ചെന്ന് പൊലീസ് പറഞ്ഞ രണ്ടു കോടി രൂപ എവിടെയെന്നതിനെക്കുറിച്ച് വ്യക്തമായ കണക്ക് നൽകുവാനോ, പണം എവിടെയാണെന്നോ അന്വേഷണ കമ്മിഷൻ പറയുന്നില്ലെന്നാണ് ആക്ഷേപം.
പണം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് നീതിയുറപ്പാക്കുവാൻ സർക്കാർ തയ്യാറാവണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഹരിത ഫിനാൻസ് തട്ടിപ്പിൽ പണം നഷ്‌ടപ്പെട്ടവർക്ക് നീതി ലഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നു.
രാജ് കുമാറിനെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയും സാമ്പത്തിക തട്ടിപ്പിന് പേരിൽ അതിക്രൂരമായി ലോക്കപ്പിലിട്ട് മർദിക്കുകയുമായിരുന്നു. പണം കണ്ടെത്തി നാട്ടുകാർക്ക് നൽകുന്നതിനു പകരം ലക്ഷക്കണക്കിന് രൂപ രാജ്‌കുമാറിന്‍റെ കൈവശമുണ്ടെന്ന് മനസിലാക്കി ആ പണം തട്ടിയെടുക്കുവാനുള്ള ശ്രമമാണ് അന്നത്തെ നെടുങ്കണ്ടം എസ്ഐ സാബുവിന്‍റെ നേതൃത്വത്തിൽ നടന്നത്. രണ്ട് കോടി രൂപ രാജ് കുമാർ ഒളിപ്പിച്ചു എന്നാണ് അന്ന് പൊലീസ് പറഞ്ഞത്. ഈ പണത്തെക്കുറിച്ച് അന്വേഷിക്കുവാനോ കണക്കുകൾ പുറത്തു വിടാനോ അന്വേഷണ കമ്മിഷൻ തയ്യാറായിട്ടില്ല.