ഇടുക്കി: ജസ്റ്റിസ് നാരായണകുറുപ്പ് കമ്മിഷന്‍ അന്വേഷിക്കുന്ന രാജ്‌കുമാര്‍ കസ്റ്റഡി മരണക്കേസ് അവസാനഘട്ടത്തില്‍. തൂക്കുപാലം ഹരിതാ ഫിനാന്‍സ് ഉടമ രാജ് കുമാറിന്‍റെ കസ്‌റ്റഡി മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്തിമ ഘട്ട അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് ജസ്റ്റിസ് നാരായണകുറുപ്പും സംഘവും നെടുങ്കണ്ടത്ത് എത്തും. നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഇതിനോടനുബന്ധിച്ച് സംഘം സന്ദര്‍ശനം നടത്തുക. 2019 ജൂലൈ 21 നാണ് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രാജ്‌കുമാര്‍ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പല പോരായ്‌മകളും കണ്ടെത്തിയതിനെ തുടര്‍ന്ന് റി പോസ്റ്റ്‌മോര്‍ട്ടം വരെ കമ്മിഷന്‍റെ ഇടപെടലിനെ തുടര്‍ന്ന് നടത്തിയിരുന്നു.
രാജ്‌കുമാര്‍ കസ്റ്റഡി മരണം; ജസ്റ്റിസ് നാരായണകുറുപ്പ് കമ്മിഷന്‍ അന്വേഷണം അവസാനഘട്ടത്തില്‍
നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഇന്ന് അന്വേഷണ സംഘം സന്ദര്‍ശനം നടത്തുന്നത്.
നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍, രാജ്‌കുമാറിന് ചികിത്സ നല്‍കിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് അന്തിമഘട്ട പരിശോധന നടത്തുക. അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. രാജ്‌കുമാറിന്‍റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്‌തുതകളും പരിശോധിക്കുക, രാജ്‌കുമാറിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിട്ടുള്ള വീഴ്‌ചകള്‍, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ നടപടി സ്വീകരിക്കണം, സാന്ദര്‍ഭികമായി ഉയര്‍ന്ന് വരുന്ന മറ്റ് വിഷയങ്ങള്‍ എന്നിവയാണ് കമ്മിഷന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
ഹരിത ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി വരികയാണ്. രാജ്‌കുമാറിന്‍റെ കസ്റ്റഡി മരണവും ഹരിത ഫിനാന്‍സ് തട്ടിപ്പുമാണ് സിബിഐ സംഘം അന്വേഷിക്കുന്നത്. നെടുങ്കണ്ടം റസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്യുന്ന സിബിഐ സംഘം ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലും രാജ്‌കുമാര്‍ കസ്റ്റഡി മരണത്തിലും അന്വേഷണം ഊര്‍ജിതമാക്കി.