കൊയ്ത്തുത്സവം നടത്തി രാജകുമാരി എൻഎസ്‌എസ് കോളജിലെ വിദ്യാർഥികൾ ഇടുക്കി :പഴമയുടെ ഓര്‍മ്മ പകര്‍ന്നുനല്‍കി പുതിയ തലമുറയുടെ കൊയ്ത്തുത്സവം. ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനം പാടശേഖരത്തിലാണ് നാടന്‍പാട്ടിന്‍റെ താളത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ കൊയ്ത്തുത്സവം ആഘോഷമാക്കിയത്. രാജകുമാരി എന്‍എസ്എസ് കോളജിലെ നാഷണൽ സര്‍വീസ് സ്‌കീം യൂണിറ്റംഗങ്ങളാണ് പാടശേഖരത്തില്‍ കൊയ്ത്തിനെത്തിയത്.
നോക്കെത്താ ദൂരത്തോളം പരന്നുകിടന്നിരുന്ന പാടശേഖരങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന നെല്‍കൃഷി ഇന്ന് ഹൈറേഞ്ചില്‍ നിന്നും പടിയിറങ്ങിക്കഴിഞ്ഞു. തൊഴിലാളിക്ഷാമവും പലവിധ കാരണങ്ങളും കൊണ്ട് ഹൈറേഞ്ചിലെ കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങി. വാഴയും പാവലും അടക്കമുള്ള കൃഷിയിലേക്ക് തിരിഞ്ഞതോടെ പാടശേഖരങ്ങള്‍ നാമമാത്രമായി ചുരുങ്ങി.
എന്നാല്‍ നെല്‍കൃഷിയുടെ പ്രാധാന്യവും പാടശേഖരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്നതിന് വേണ്ടിയാണ് രാജകുമാരി എന്‍എസ്എസ് കോളജിലെ നാഷണൽ സര്‍വീസ് സ്‌കീം ശാന്തൻപാറ തൊട്ടിക്കാനം പാടശേഖരത്തില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.
തൊഴിലാളി ക്ഷാമം മൂലം ഏറെ കാലം നെല്‍കൃഷി മുടങ്ങി കിടന്ന പാടത്ത് പാടശേഖര സമിതി മുന്‍കൈയെടുത്താണ് കൃഷിയിറക്കിയത്. ഒരു കാലത്ത് ഹൈറേഞ്ചിന്‍റെ കൂട്ടായ്‌മയുടെ ഉത്സവം കൂടിയായിരുന്ന കൊയ്ത്തുകാലത്തിന്‍റെ ഓര്‍മ്മകളും അനുഭവ പാഠവും പകര്‍ന്ന് കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികൾ.
വിദ്യാര്‍ഥികളില്‍ മിക്കവരും ആദ്യമായി കൊയ്യുന്നവരായിരുന്നു. കൊയ്തെടുത്തവ കൂട്ടികെട്ടി കറ്റകളാക്കി ചുമന്ന് കളത്തിലെത്തിച്ച് മെതിച്ചതും വിദ്യാര്‍ഥികള്‍ തന്നെ. വരും വര്‍ഷങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷിയിറക്കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.