ഇടുക്കി:രാജാക്കാട് ബസ് സ്റ്റാൻഡിന് സമീപം 12 മണിക്കൂര്‍ പ്രവർത്തിക്കുന്ന 'പേ ആന്‍ഡ് പാര്‍ക്ക്' സൗകര്യം മറ്റിടങ്ങളില്‍ നിന്നൊക്കെ വ്യത്യസ്‌തമാണ്. നാട്ടുകാര്‍ സ്‌നേഹത്തോടെ കുഞ്ഞാഞ്ഞയെന്ന് വിളിക്കുന്ന വി.എസ്.അജയന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പാര്‍ക്കിങ് സൗകര്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കുള്ളതാണ്. ഇതില്‍ നിന്നും ലഭിക്കുന്ന ഒരു രൂപ പോലും അജയന്‍ സ്വന്തം കാര്യത്തിനായി ഉപയോഗിക്കാറില്ല, മുഴുവന്‍ വരുമാനവും രോഗികൾക്കായി നല്‍കി ഒരു നാടിന് തന്നെ മാതൃകയാകുന്നു.
രാജാക്കാട് ഗ്രാമപഞ്ചായത്തിന്‍റെ ബസ് സ്റ്റാൻഡിലുള്ള ഓഡിറ്റോറിയം വ്യാപാരികളുടെയും മറ്റും ആവശ്യത്തെ തുടര്‍ന്നാണ് പേ ആന്‍ഡ് പാര്‍ക്കായി മാറ്റിയത്. വ്യാപാരി കൂടിയായ അജയന്‍ ഇത് പിന്നീട് ലേലത്തിലേറ്റെടുക്കുകയായിരുന്നു. സഹായഭ്യര്‍ഥനയുമായി എത്തുന്നവർക്ക് ഒരു കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിന്‍റെ നടത്തിപ്പ് ഏറ്റെടുത്തതെന്ന് അജയന്‍ പറയുന്നു.