ഇടുക്കി: ഓരോ ദുരന്തവും ഓർമയില്‍ ഒരു നടുക്കമാണ്. ഇക്കഴിഞ്ഞ ഒക്‌ടോബർ അഞ്ച് അർധരാത്രിയില്‍ പാലക്കാട് വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ ഒൻപത് ജീവനുകൾ അപകടത്തില്‍ പൊലിഞ്ഞപ്പോൾ ഇടുക്കി ജില്ലയിലെ രാജാക്കാടുകാരുടെ ഓർമയില്‍ ഒരു മാർച്ച് 25 തിളച്ചുപൊന്തുകയാണ്. രാജാക്കാട്-കുഞ്ചിത്തണ്ണി പാതയിലെ കാഞ്ഞിരംവളവില്‍ ഏഴ് എഞ്ചിനിയറിങ് വിദ്യാര്‍ഥികളും ബസിന്‍റെ ക്ലീനറും ഉള്‍പ്പെടെ എട്ട് പേരുടെ ജീവനാണ് അന്ന് നഷ്‌ടമായത്.
മനസിൽ നിന്നും മായാതെ കാഞ്ഞിരംവളവ് ദുരന്തം; ഇന്നും വേദനയിൽ രാജാക്കാടുകാർ - രാജാക്കാട് കുഞ്ചിത്തണ്ണി പാത
രാജാക്കാട്-കുഞ്ചിത്തണ്ണി പാതയിലെ കാഞ്ഞിരംവളവില്‍ 2013 മാർച്ച് 25ന് ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം വിക്രം സാരാഭായ് എഞ്ചിനീയറിങ് കോളജിലെ ഏഴ് വിദ്യാര്‍ഥികളും ബസിന്‍റെ ക്ലീനറുമടക്കം എട്ട് പേരുടെ ജീവനാണ് പൊലിഞ്ഞത്.
തിരുവനന്തപുരം വിക്രം സാരാഭായ് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന 45 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പിന്നീടും നിരവധി അപകടങ്ങള്‍ക്ക് മേഖല സാക്ഷിയായി. ഗാനമേള സംഘം സഞ്ചരിച്ചിരുന്ന മിനി ബസും, തമിഴ്‌നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന വാനും, കണ്ടെയ്‌നര്‍ ലോറിയും, തൊഴിലാളി ജീപ്പുമടക്കം നിരവധി വാഹനങ്ങള്‍ ഇതേ പാതയില്‍ പല മേഖലകളിലായി അപകടത്തില്‍പ്പെട്ടു. നിരവധി ജീവനുകൾ നഷ്‌ടമായി. നിരവധി പേര്‍ക്ക് പരിക്കേറ്റു.
രാജാക്കാട് മുതല്‍ ആനച്ചാല്‍ വരെയുള്ള റോഡിന്‍റെ ഏറിയ പങ്കും കൊടുംവളവുകളും കയറ്റിറക്കങ്ങളുമാണ്. കാഞ്ഞിരം വളവില്‍ വീതി വര്‍ധിപ്പിക്കുകയും ക്രാഷ് ബാരിയറുകള്‍ സ്ഥാപിയ്ക്കുകയും ചെയ്‌തെങ്കിലും പല ഭാഗത്തും ആവശ്യമായ വീതി ഇപ്പോഴുമില്ല. റോഡിന്‍റെ അലൈന്‍മെന്‍റിലെ അപാകത മൂലം വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നിമാറുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഓരോ ജീവനും വിലപ്പെട്ടതാണ്. അപകടങ്ങൾക്ക് അറുതിയുണ്ടാകണം. ഇനിയൊരു ദുരന്തത്തിന് സാക്ഷിയാകരുത് എന്ന് മാത്രമാണ് രാജാക്കാടുകാർക്ക് പറയാനുള്ളത്.