ഇടുക്കി: ഒറ്റമുറി പ്ലാസ്റ്റിക് ഷെഡില്‍ വൈദ്യുതിയില്ലാതെ ജീവിച്ച ആന്‍റണിയും കുടുംബവും ഇപ്പോൾ വെളിച്ചം വിരുന്നെത്തിയ സന്തോഷത്തിലാണ്. മഹാമാരിക്കാലത്തെ ദുരിത ജീവിതത്തിനിടയില്‍ മൂന്ന് മക്കൾക്കും ഓൺലൈൻ ക്ലാസുകൾ കൂടി ആരംഭിച്ചതോടെ രാജാക്കാട് കുത്തുങ്കല്‍ പാലാട്ടില്‍ ആന്‍റണി നിസഹായനായി. ആന്‍റണിയുടെ ബുദ്ധിമുട്ട് മനസിലാക്കി കുട്ടികൾക്കായി സ്കൂൾ അധികൃതർ ടിവി എത്തിച്ച് നല്‍കിയെങ്കിലും വൈദ്യുതി ഇല്ലാത്തതിനാല്‍ ടിവി വെറും കാഴ്ച വസ്തുവായി. മക്കളുടെ പഠനത്തിന് വേണ്ടി വീട്ടില്‍ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ആന്‍റണി രാജാക്കാട് സെക്ഷൻ ഓഫീസിലെത്തി അപേക്ഷ നല്‍കി. പക്ഷേ അടയ്ക്കേണ്ട തുക കേട്ടതോടെ ആ പ്രതീക്ഷയും തകർന്നു.
കനിവിന്‍റെ വെളിച്ചം വിതറി കെഎസ്ഇബി ജീവനക്കാർ; ആന്‍റണിയുടെ മക്കൾക്ക് പഠിക്കാം - poor family idukki
കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജാക്കാട് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ നിർധന വീടുകളിൽ സ്വന്തം ചെലവില്‍ വൈദ്യുതി എത്തിച്ച് നല്‍കുന്നു. സെക്ഷന്‍ എഇ ആതിര, സൂപ്രണ്ട് ദീപ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്
എന്നാല്‍ ആന്‍റണിയേയും കുടുംബത്തേയും ഉപേക്ഷിക്കാൻ രാജാക്കാട് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ജീവനക്കാർ തയ്യാറായിരുന്നില്ല. പ്ലാസ്റ്റിക് ഷെഡിലെ ദുരിതം കണ്ടറിഞ്ഞ കെഎസ്ഇബി ജീവനക്കാർ സ്വന്തം ചെലവില്‍ വയറിങ്ങ് അടക്കം പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ നല്‍കിയപ്പോൾ അത് കൊവിഡ് കാലത്ത് മറ്റൊരു കനിവിന്‍റെ കഥയായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി സെക്ഷന്‍ എഇ ആതിര, സൂപ്രണ്ട് ദീപ എന്നിവരുടെ നേതൃത്വത്തില്‍ രാജാക്കാട് സെക്ഷന്‍ ഓഫിസിലെ ജീവനക്കാർ സ്വന്തം ചെലവില്‍ നിർധന വീടുകളിൽ വൈദ്യുതി കണക്ഷൻ നല്‍കുന്നുണ്ട്. കനിവിന്‍റെ വെളിച്ചമായി രാജാക്കാട്ടെ കെഎസ്ഇബി ജീവനക്കാർ മാറിയപ്പോൾ ആന്‍റണിയുടെ മക്കൾക്ക് ഇനി സന്തോഷത്തോടെ പഠിക്കാം.