ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസ് മർദ്ദനത്തിന്‍റെ ക്രൂരത വെളിവാക്കുന്ന പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് ഇടിവി ഭാരതിന്. കേസില്‍ നാല് പ്രതികളുണ്ട്. ഒന്നും നാലും പ്രതികളുടെ അറസ്റ്റാണ് നടന്നിട്ടുള്ളത്. നാല് പ്രതികളും കൂടി രാജ്‌കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച് ക്രൂരമായി മർദ്ദിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കാല്‍വെള്ളയില്‍ മർദ്ദനം, ഉഴിച്ചില്‍: രാജ്‌കുമാറിനെ മർദ്ദിച്ചത് അതിക്രൂരമായെന്ന് റിമാൻഡ് റിപ്പോർട്ട് - ന്യുമോണിയ
ജൂൺ 12 വൈകിട്ട് അഞ്ചുമുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി മർദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.
ജൂൺ 12 വൈകിട്ട് അഞ്ചുമുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി മർദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. സ്‌റ്റേഷൻ രേഖകളിലടക്കം കൃത്രിമം കാണിച്ചു. രാജ്‌കുമാറിന്‍റെ രണ്ട് കാലിലും കാല്‍ പാദത്തിലും അതിക്രൂരമായി മർദ്ദിച്ചു. ശേഷം സ്റ്റേഷനില്‍ വെച്ച് ഉഴിച്ചില്‍ നടത്തി. അതിനുള്ള പണം രാജ് കുമാറില്‍ നിന്ന് പിടിച്ചെടുത്ത പണത്തില്‍ നിന്ന് ഉപയോഗിച്ചു.
കേസിലെ നാലാം പ്രതിയും പൊലീസ് ഡ്രൈവറുമായ സജീവ് ആന്‍റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് മർദ്ദിച്ചത്. എസ് ഐ സാബു ഒപ്പമുണ്ടായിട്ടും മർദ്ദനം തടയാൻ ശ്രമിച്ചിട്ടില്ല. അവശ നിലയിലായിട്ടും രാജ് കുമാറിന് മതിയായ ചികിത്സാ സൗകര്യം നല്‍കിയില്ല. അവശ്യ സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് ന്യുമോണിയ ബാധിതനായി രാജ്‌കുമാർ മരിക്കാനിടയായത്. ഈ സാഹചര്യത്തിലാണ് പൊലീസുകാർക്ക് എതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തത്. കേസിലെ രണ്ടും മൂന്നും പ്രതികൾ ഒളിവിലാണ്.