ഇടുക്കി: വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലി ചെയ്‌താണ് നെടുങ്കണ്ടം ചോറ്റുപാറ സ്വദേശിയായ ശോശാമ്മ ഒരു കൊച്ചു വീടും അഞ്ച് സെന്‍റ് ഭൂമിയും സമ്പാദിച്ചത്. എന്നാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കനത്ത മഴ പെയ്‌താല്‍ വീട്ടില്‍ വെള്ളം കയറും. സമീപത്ത് നിര്‍മിച്ചിരിയ്ക്കുന്ന നടപ്പാലത്തിനായി തോടിന്‍റെ ഗതിമാറ്റിവിട്ടതാണ് വീടുകളിലേയ്ക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് ഇവരുടെ ആരോപണം.
കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിൽ തോട്ടില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ശോശാമ്മയുടെ വീടിന്‍റെ പകുതിയോളം ഭാഗം വെള്ളത്തില്‍ മുങ്ങിയിരുന്നു. വസ്‌ത്രങ്ങളും കിടക്കകളും ഭക്ഷ്യ സാധനങ്ങളും എല്ലാം വെള്ളം കയറി നശിച്ചു. മഴ ശക്തിയാകുമ്പോൾ കൊച്ചുകുട്ടികളുമായി അയല്‍ വീടുകളിലേക്ക് ഓടേണ്ട സ്ഥിതിയാണെന്നും ശോശാമ്മ പറയുന്നു.