ഇടുക്കി :പലകകള്‍ കൊണ്ട് നിര്‍മിച്ച നെടുങ്കണ്ടം കല്ലാറിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിടം കൗതുകമാകുന്നു. ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇതുവരെ യാതൊരു കേടുപാടുകളും ഓഫിസിന് സംഭവിച്ചിട്ടില്ല. ഓഫിസ് മുറികളെല്ലാം വേര്‍തിരിച്ചിരിക്കുന്നത് പലകകള്‍ കൊണ്ടാണ്. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടുന്നതിനായി വലിയ മരത്തൂണുകള്‍ സ്ഥാപിച്ച് അതിന് മുകളില്‍ പലകകള്‍ നിരത്തിയാണ് തറയും ഭിത്തിയും ഒരുക്കിയത്.
പലകകള്‍ കൊണ്ടൊരു പൊതുമരാമത്ത് കെട്ടിടം ; കൗതുകമുണര്‍ത്തി വേറിട്ട ഓഫിസ് Also Read: ടൂറിസം മേഖല ഉണരുന്നു; സഞ്ചാരികളെ ആകർഷിക്കാന്‍ പുതിയ പാക്കേജുകളുമായി ചെറുകിട സംരംഭകര്‍
ആനകള്‍ക്ക്, കെട്ടിടത്തിന് താഴ് ഭാഗത്ത് കൂടി കടന്ന് പോകാവുന്ന തരത്തിലായിരുന്നു നിര്‍മിതി. പിന്നീട് ആന ശല്യം കുറഞ്ഞതോടെ, വശങ്ങളില്‍ കല്ല് കെട്ടി താഴ് ഭാഗം നവീകരിച്ചു. പട്ടം കോളനി രൂപീകരണ കാലഘട്ടത്തില്‍, പട്ടയ വിതരണം ലക്ഷ്യംവച്ച് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവായാണ് കെട്ടിടം നിര്‍മിച്ചത്.
രണ്ട് നിലകളിലായി പിഡബ്ല്യുഡി അസി. എഞ്ചിനീയറുടെ കാര്യാലയവും സബ് ഡിവിഷന്‍ ഓഫിസുമാണ് തടിക്കെട്ടിടത്തില്‍ പ്രവര്‍ത്തിയ്ക്കുന്നത്. 16 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കെട്ടിടത്തിന്റെ പ്രൗഢി ചോരാതെ, സംരക്ഷിച്ച് വരികയാണ് പൊതുമരാമത്ത് വകുപ്പ്. എപ്പോഴും തണുപ്പ് പകരുന്ന ഓഫിസില്‍ ജീവനക്കാരും സംതൃപ്തരാണ്.