ഇടുക്കി: കൊട്ടാരക്കര - ദിണ്ഡികല്‍ ദേശീയ പാതയില്‍ 50 വര്‍ഷത്തോളം പഴക്കമുള്ള പുല്ലുപാറ ചെക്ക് പോസ്റ്റിന് പൂട്ടു വീണു. വരുമാനമില്ലയെന്ന കാരണത്താല്‍ സംസ്ഥാനത്തെ പത്തിലധികം ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. പൊലീസിനും വനം വകുപ്പിനും ഏറെ പ്രയോജനം ചെയ്‌തിരുന്ന ചെക്ക് പോസ്റ്റായിരുന്നു ഇത്.
പുല്ലുപാറ ചെക്ക് പോസ്റ്റിന് പൂട്ടു വീണു ഹൈറേഞ്ചില്‍ നിന്നുമുള്ള കള്ളക്കടത്തിനും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇതര സംസ്ഥാനത്തു നിന്നുള്ള കഞ്ചാവ് കടത്തലിനും നികുതി വെട്ടിച്ച് സാധനങ്ങൾ കടത്തുന്നതിനും പുല്ലുപാറ ശരിക്കും ഭീഷണി തന്നെയായിരുന്നു. ദേശീയ പാതയിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിലും കാര്യമായ പങ്ക് വഹിച്ചിരുന്ന ചെക്ക് പോസ്റ്റ് കൂടിയായിരുന്നു ഇത്. വനം വകുപ്പ് ചെക്ക് പോസ്റ്റ് നിര്‍ത്തലാക്കിയതോടെ എക്‌സൈസിനോ പൊലീസിനോ പുല്ലുപാറ കൈമാറണമെന്ന ആവശ്യവും ഉയരുന്നുണ്ട്.കുമളി ചെക്ക് പോസ്റ്റിലെ പരിശോധന കഴിഞ്ഞാല്‍ അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങള്‍ക്ക് മറ്റൊരിടത്തും പരിശോധനയില്ല. അതിനാല്‍ തന്നെ ഇനി കള്ളക്കടത്ത് വ്യാപകമാകാനുള്ള സാധ്യതയും വർധിക്കും. പുല്ലുപാറ ചെക്ക് പോസ്റ്റിന്‍റെ അഭാവം വനസമ്പത്ത് വന്‍തോതില്‍ കടത്താനും വഴിയൊരുക്കും.മുറിഞ്ഞ പുഴയിലുള്ള ഫോറസ്റ്റ് ഓഫീസിന്‍റെ കീഴിലായിരുന്നു ചെക്ക്‌പോസ്റ്റിന്‍റെ പ്രവര്‍ത്തനം. വനംവകുപ്പിന്‍റെ ഈ തീരുമാനം ജില്ലയില്‍ നിന്നും കള്ളക്കടത്ത് നടത്താനുള്ള ഒത്താശയാണെന്നും ആരോപണമുണ്ട്.