ഇടുക്കി:കട്ടപ്പനയിലെ മുൻ സിഐടിയു നേതാവിനായി തണ്ടപ്പേർ രേഖകളിൽ തിരിമറി നടത്തിയ മുൻ വില്ലേജ് ഓഫീസർ ആന്‍റണിയെ സസ്പെൻഡ് ചെയ്തു. പുറമ്പോക്ക് ഭൂമിയിൽ പണിത കെട്ടിടത്തിന് അനുമതി നേടാനാണ് മറ്റൊരു ഭൂമിയുടെ തണ്ടപ്പേർ മുൻ സിഐടിയു നേതാവ് ലൂക്കാ ജോസഫ് തട്ടിയെടുത്തത്.
ഇടുക്കി കട്ടപ്പനയിലെ തണ്ടപ്പേർ തട്ടിപ്പ്; വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു
പുറമ്പോക്ക് ഭൂമിയിൽ പണിത കെട്ടിടത്തിന് അനുമതി നേടാനാണ് മറ്റൊരു ഭൂമിയുടെ തണ്ടപ്പേർ മുൻ സിഐടിയു നേതാവ് ലൂക്കാ ജോസഫ് തട്ടിയെടുത്തത്.
വില്ലേജ് രേഖകളിൽ നിന്ന് തണ്ടപ്പേർ കീറിമാറ്റി പുതിയത് ഒട്ടിച്ച് ചേർത്തും, കരമടച്ച് നൽകിയും തട്ടിപ്പിന് എല്ലാ ഒത്താശയും ചെയ്തത് മുൻ വില്ലേജ് ഓഫീസർ ആന്‍റണി ജോസഫാണ്. ഡെപ്യൂട്ടി കലക്ടറുടെ അന്വേഷണത്തിൽ തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഇപ്പോൾ നെടുങ്കണ്ടം ഡെപ്യൂട്ടി തഹസിൽദാരായ ആന്‍റണിയെ സസ്പെൻഡ് ചെയ്യാൻ കലക്ടർ എച്ച് ദിനേശൻ ഉത്തരവിടുകയായിരുന്നു.
വില്ലേജ് ഓഫീസിലെ പിഴവെന്നാണ് ലൂക്ക ജോസഫ് പറഞ്ഞ ന്യായം. അങ്ങനെയെങ്കിൽ ചൊവ്വാഴ്ചക്കകം രേഖകൾ ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം തണ്ടപ്പേർ റദ്ദാക്കുമെന്ന് കളക്ടർ അന്ത്യശാസനം നൽകി. പുറമ്പോക്ക് ഭൂമിയെന്ന പരാതി അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ തഹസിൽദാർക്കും നിർദേശം നൽകിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തിൽ ഇപ്പോൾ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയാണ് പ്രവർത്തിക്കുന്നത്.