ഇടുക്കി :ആനയിറങ്കൽ ഹൈഡൽ പാർക്കിന് സമീപത്തെ നാലേക്കർ ഭൂമി അമ്യൂസ്മെന്‍റ് പാർക്ക് നിർമാണത്തിന് വിട്ടുനൽകിയ വൈദ്യുതി വകുപ്പ് നടപടി വിവാദമാകുന്നു. പെരുമ്പാവൂർ ആസ്ഥാനമായ സൊസൈറ്റിക്കാണ് അണക്കെട്ടിനോട് ചേർന്നുള്ള സ്ഥലം വിട്ടുനല്‍കിയത്.
പട്ടയ ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾക്ക് നിരോധനം നിലവിലുള്ളപ്പോഴാണ് അതീവ സുരക്ഷാമേഖലയിൽ പാര്‍ക്ക് നിര്‍മാണം. കുന്നിടിച്ചുള്ള നിർമാണപ്രവർത്തനം അശാസ്ത്രീയവും അനധികൃതവുമാണെന്ന ആരോപണവുമായി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് വൈദ്യുതി ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിര്‍മാണം.
കരാര്‍ രണ്ട് വര്‍ഷം മുന്‍പ്
രണ്ടുവർഷം മുൻപാണ് വരുമാനം പങ്കിടൽ കരാറനുസരിച്ച് വൈദ്യുതി വകുപ്പ് ഭൂമി സൊസൈറ്റിക്ക് പാട്ടത്തിന് നൽകിയത്. മൾട്ടി ഡയമെൻഷൻ തിയറ്റർ ആൻഡ് ഹൊറർ ഹൗസ് എന്ന പദ്ധതിക്കാണ് ഭൂമി നൽകിയിട്ടുള്ളത്. പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന് 78% സൊസൈറ്റിക്കും, 22% വരുമാനം ഹൈഡൽ ടൂറിസം സെന്‍ററിനുമാണെന്നാണ് കരാർ.
Also Read :- ആനയിറങ്കൽ അണക്കെട്ട് തുറന്നു
മാട്ടുപ്പെട്ടി മൂന്നാർ ഹൈഡൽ പാർക്ക് എന്നിവ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവുമധികം പ്രതിദിന വരുമാനം ഉണ്ടായിരുന്ന ഹൈഡൽ ടൂറിസം സെന്ററാണ് ആനയിറങ്കല്‍. ഇത് നിലനില്‍ക്കെ പുതിയ പദ്ധതിക്ക് വേണ്ടി കുന്നിടിച്ച് നിരത്തുന്നതിലും എതിർപ്പ് ശക്തമാണ്.