സംഭരണവില അമ്പതിന് മുകളിൽ; വിപണിയിൽ എത്തിക്കാൻ കൊക്കോ ഇല്ലാതെ കർഷകർ - ഇടുക്കി
കഴിഞ്ഞ ഏതാനും നാളുകളായി മഴക്കാലത്ത് കായ്കൾ ചീഞ്ഞ് പോകുന്നത് വിളവിനെ ബാധിക്കുന്നു. വിളവുള്ളപ്പോൾ വിലയും വിലയുള്ളപ്പോൾ വിളവുമില്ലെന്ന് കർഷകർ പറയുന്നു.
ഇടുക്കി:ഹൈറേഞ്ചിലെ കർഷകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി കൊക്കോ കൃഷി. ഹൈറേഞ്ചിലെ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നായിരുന്നു കൊക്കോ കൃഷി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി മെച്ചപ്പെട്ട വിളവ് ലഭിക്കാത്തത് കൊക്കോ കർഷകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. നിലവിൽ അമ്പതിന് മുകളിലാണ് പലയിടങ്ങളിലും കൊക്കോയുടെ സംഭരണവില. ഏറെ നാളായി താഴ്ന്ന് നിന്നിരുന്ന സംഭരണവിലയിൽ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും വിപണിയിലെത്തിക്കാൻ കൊക്കോയില്ലെന്ന് കർഷകർ പറയുന്നു.
മഴക്കാലങ്ങളിലാണ് സാധാരണയായി കൊക്കോയ്ക്ക് മെച്ചപ്പെട്ട വിളവ് ലഭിക്കേണ്ടത്. എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി മഴക്കാലത്ത് കായ്കൾ ചീഞ്ഞ് പോകുന്നത് വിളവിനെ ബാധിക്കുന്നു. വേനൽ കാലത്ത് പൂക്കൾ കരിഞ്ഞ് പോകുന്നതും ഉത്പ്പാദന ഇടിവിന് ഇടവരുത്തുന്നു. വിളവുള്ളപ്പോൾ വിലയും വിലയുള്ളപ്പോൾ വിളവുമില്ലെന്ന് കർഷകർ പറയുന്നു. വരുമാന മാന്ദ്യം നേരിട്ടതോടെ പല കർഷകരും കൊക്കോ കൃഷിയിൽ നിന്നും പിന്നാക്കം പോകുകയാണ്.