ഇടുക്കി:കർഷകർക്ക് ആഘാതമായി ഇടുക്കി ജില്ലയിലെ റീസർവേ നടപടികൾ. പൂർവിക സ്വത്തായി കൈമാറി വന്നതും നാളിതുവരെ കരം അടച്ചതുമായ ഭൂമിക്ക് പട്ടയം നഷ്‌ടപ്പെട്ട അവസ്ഥയിലാണ് ജില്ലയിലെ കർഷകർ. മുൻപ് ബാങ്ക് ലോൺ ലഭിച്ചിരുന്ന ഭൂമി ഉൾപ്പെടെ റീസർവേ കഴിഞ്ഞതോടെ പുറമ്പോക്ക് ഭൂമിയായി മാറിയെന്ന് കർഷകർ പറയുന്നു.
റീസർവേയിൽ എല്ലാം പുറമ്പോക്ക്
രാജകുമാരി വില്ലേജിൽ മുരിക്കുംതൊട്ടി നിവാസിയായ റിട്ടയേർഡ് വില്ലേജ് ഓഫിസർ ആർ.രാജു വർഷങ്ങൾക്ക് മുൻപാണ് ഭാര്യയുടെ പേരിൽ പതിമൂന്ന് സെന്‍റ് സ്ഥലം വാങ്ങുന്നത്. വ്യക്തമായ രേഖയും പട്ടയവും ഉള്ളതിനാൽ അന്ന് ബാങ്ക് ലോണും ലഭിച്ചിരുന്നു. എന്നാൽ റീസർവേ നടപടികൾ പൂർത്തിയായതോടെ ഒരു സെന്‍റ് സ്ഥലത്തിന് മാത്രമാണ് പട്ടയം അനുവദിച്ച് കിട്ടിയത്.
ഇടുക്കി ജില്ലയിലെ കർഷകരെ ദുരിതത്തിലാക്കി റീസർവേ നടപടികൾ വീടിന് മുൻപിലൂടെ പൊതുമരാമത്ത് റോഡ് വന്നതോടെ ബാക്കി ഭൂമി സർക്കാർ രേഖകളിൽ റോഡ് പുറമ്പോക്ക് ഭൂമിയായി. പൂർവിക സ്വത്തായി ലഭിച്ച ഭൂമി വിവിധ ആവശ്യങ്ങൾക്കായി മുറിച്ചുവിറ്റ കർഷകർക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വിറ്റ ഭൂമിക്ക് പട്ടയം ലഭിക്കുകയും കർഷകരുടെ കൈവശമുള്ള ബാക്കി ഭൂമിയും വീടും റീസർവേയിലൂടെ പുറമ്പോക്കാകുകയും ചെയ്‌തു.
റീസർവേയിൽ തെറ്റുപറ്റിയതായി ആരോപണം
റീസർവേയിൽ വ്യാപക തെറ്റുകൾ കടന്നു കൂടിയതായും പട്ടയ ഭൂമികൾ പുറമ്പോക്ക് ഭൂമിയായി രേഖപ്പെടുത്തിയതായും നിരവധി പരാതികളാണ് ഉയരുന്നത്. വസ്തു ഉടമകൾ റവന്യു ഓഫിസുകൾ കയറിയിറങ്ങുകയാണ്. മുൻ സർക്കാരിന്‍റെ കാലത്ത് അദാലത്തുകളിൽ സമർപ്പിച്ച പരാതികൾ പോലും ഇതുവരെ പരിഹരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.