ഇടുക്കി: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദ്ദേശപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക സംവിധാനങ്ങള്‍ ജില്ലയിൽ ഒരുക്കിയതായി ജില്ലാ കലക്‌ടർ എച്ച്. ദിനേശൻ. തൊടുപുഴയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഓരോ ബൂത്തിലും 1,000 വോട്ടര്‍മാരില്‍ അധികരിക്കാതെയുള്ള വോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തും.
തെരഞ്ഞെടുപ്പിനൊരുങ്ങി ഇടുക്കി; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഓരോ ബൂത്തിലും 1,000 വോട്ടര്‍മാരില്‍ അധികരിക്കാതെയുള്ള വോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തും
ഇതിന്‍റെ ഭാഗമായി 1,000 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകളെ രണ്ടായി വിഭജിച്ച് ഓക്‌സിലറി ബൂത്ത് സ്ഥാപിക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും 80 വയസുകഴിഞ്ഞ വോട്ടര്‍മാര്‍ക്കും കൊവിഡ് രോഗികള്‍ക്കും സമ്പര്‍ക്ക വിലക്കില്‍ ഇരിക്കുന്ന വോട്ടര്‍മാര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഭിന്നശേഷി വോട്ടര്‍മാരിലും 80 വയസ് കഴിഞ്ഞ വോട്ടര്‍മാരിലും താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതിനായി ഇത്തരത്തിലുള്ള വോട്ടർമാർക്ക് സമ്മത പത്രം നൽകാം. ബൂത്ത്തല ഉദ്യോഗസ്ഥര്‍ മുഖാന്തരമാണ് സമ്മത പത്രം വാങ്ങുന്നത്. അല്ലാത്തവര്‍ക്ക് ബൂത്തുകളില്‍ പോയി വോട്ട് ചെയ്യാം.
ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം നല്‍കുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തിയായി. നിയമസഭാ മണ്ഡല അടിസ്ഥാനത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ നല്‍കിയാണ് ജോലിക്ക് നിയോഗിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇപ്പോഴും അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. ഓണ്‍ലൈനായി അപേക്ഷകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റില്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനായി അക്ഷയകേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലേക്ക് ആവശ്യമുള്ള വോട്ടിങ് മെഷിനുകള്‍, വിവി പാറ്റ് എന്നിവ തെലങ്കാനയില്‍ നിന്നും എത്തിച്ച് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.