ഇടുക്കി: പ്രളയക്കെടുതിയിൽ നിന്ന് കരക്കയറാമെന്ന പ്രതീക്ഷയിൽ പാവൽ കൃഷി ആരംഭിച്ചിരിക്കുകയാണ് ഹൈറേഞ്ചിലെ തന്നാണ്ട് കർഷകർ. നെൽകൃഷി പരാജയപ്പെട്ടതോടെ ഹൈറേഞ്ചിലെ ഭൂരിഭാഗം വരുന്ന കർഷകരും മറ്റു കൃഷികളിലേക്ക് വഴി മാറിയ സാഹചര്യത്തിലാണ് നാമമാത്രമായ കർഷകർ പാവൽ കൃഷി ആരംഭിച്ചിരിക്കുന്നത്.
പ്രതീക്ഷയുടെ പുതു നാമ്പുകൾ മുളയിട്ട് ഹൈറേഞ്ചിലെ പാവൽ കൃഷി - ഹൈറേഞ്ച്
കാലാവസ്ഥാ മാറ്റവും പ്രളയവും കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചതിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് കർഷകർ കൃഷി ആരംഭിച്ചിരിക്കുന്നത്.
മുൻ വർഷങ്ങളിൽ നൂറുകണക്കിന് കർഷകരാണ് ഹൈറേഞ്ചിലെ പ്രധാന വിളകളിൽ ഒന്നായ പാവൽ കൃഷി ചെയ്തിരുന്നത്. എന്നാൽ കാലാവസ്ഥയിൽ അടിക്കടിയുണ്ടാകുന്ന മാറ്റവും പ്രളയവും കൊവിഡും കർഷകരുടെ പ്രതീക്ഷകളെ താളം തെറ്റിച്ചതിനാൽ ഇത്തവണ വളരെ കുറച്ചു കർഷകർ മാത്രമാണ് പാവൽ കൃഷി ആരംഭിച്ചിരിക്കുന്നത്. വിളവെടുപ്പ് കാലത്ത് വിലയും നല്ല വിളവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഹൈറേഞ്ചിൽ പാവൽ കൃഷി കുറവായതിനാൽ ആവശ്യക്കാർ ഏറുമെന്നും മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നുമാണ് മികച്ച കർഷകനുള്ള അവാർഡ് നേടിയ രാജാകാട്ടിലെ കണ്ടമംഗലത്ത് കൃഷ്ണൻ പറയുന്നത്.