ഇടുക്കി:മലയോര മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി ജനവാസ പ്രദേശങ്ങളിൽ സ്ഥിരം വാച്ചറെ നിയമിക്കാൻ തീരുമാനമായി. ശാന്തൻപാറ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ആനയിറങ്കലിലെ തൊഴിലാളി ലയത്തിൽ കാട്ടാനയിറങ്ങി റേഷൻ കട നശിപ്പിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു ചേർത്തത്.
ആനയിറങ്കലിൽ സ്ഥിരം വാച്ചറെ നിയമിക്കും കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ അഞ്ച് തവണയാണ് ആനയിറങ്കലിലെ റേഷൻകട കാട്ടാന തകർത്തത്. അരി ഭക്ഷിക്കുന്നതിന് വേണ്ടിയാണ് തുടർച്ചായി റേഷൻകട തകർക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഇതേ റേഷന്‍ കടയും സമീപത്തെ അങ്കണവാടിയും ഒറ്റയാന്‍ തകര്‍ത്തിരുന്നു.
ശാന്തൻപാറ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗം തുടര്‍ച്ചയായി റേഷന്‍ കടയില്‍ കാട്ടാന നാശം വിതച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്. പകൽ സമയത്ത് പോലും ജനവാസ മേഖലയില്‍ കാട്ടാന തമ്പടിക്കുകയാണെന്നും തങ്ങളുടെ കൃഷിക്കും ജീവനും ഭീഷണിയാകുന്ന സാഹചര്യമാണുള്ളതെന്നും തൊഴിലാളികള്‍ ആവിശ്യപെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം വിളിച്ചു ചേർത്തത്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി ജനവാസ മേഖലകളിൽ സ്ഥിരം വാച്ചറെ നിയമിക്കാമെന്ന് ചിന്നക്കനാൽ റെയ്ഞ്ച് ഓഫിസർ അരുൺ മഹാരാജ പറഞ്ഞു.
കാട്ടാനകളുടെ സ്ഥിരം സഞ്ചാര പാതകളിൽ സോളാർ ഫെൻസിങ് സംവിധാനം ഏർപ്പെടുത്തുന്നതിന് പ്രൊപോസൽ നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. ഫയർ ഫോഴ്‌സിൽ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച 20 പേരടങ്ങുന്ന എമർജൻസി റെസ്‌ക്യു ടീമിനെ ആവശ്യമെങ്കിൽ വിട്ടുനൽകുമെന്നും ആവശ്യമായ ലൈറ്റും സംവിധാനങ്ങളും ഒപ്പം നൽകുമെന്നും അതോടൊപ്പം റാപിഡ് റെസ്പോൺസ് ടീമിന്‍റെ സേവനം ഉറപ്പാക്കുമെന്നും ആവശ്യമുള്ള സ്ഥലങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ മിനി മാക്‌സ് ലൈറ്റ് സ്ഥാപിച്ച് നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വർഗീസ് പറഞ്ഞു.
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വർഗീസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹൻകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ ആർ ജയൻ, ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.