മണ്ണിടിച്ചിലില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്ന കുടുംബം സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുന്നു - pallivasal
കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുന്നു. വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കാത്തതാണ് സര്‍ക്കാര്‍ സഹായം വൈകാന്‍ കാരണമെന്ന് കുടുംബം
ഇടുക്കി: മണ്ണിടിച്ചിലില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നതോടെ ദുരിതത്തിലായ കുടുംബം സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുന്നു. വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കാത്തതാണ് സര്‍ക്കാര്‍ സഹായം വൈകാന്‍ കാരണമെന്ന് കുടുംബം. ഇടുക്കി പള്ളിവാസല്‍ ചെല്ലദുരെയും കുടുംബവുമാണ് അധികൃതരുടെ കനിവും കാത്തിരിക്കുന്നത്. പെട്ടിമുടിയില്‍ സംഭവിച്ച വന്‍ ദുരന്തം നടന്ന അതേ ദിവസം തന്നെയാണ് പള്ളിവാസില്‍ പഞ്ചായത്തിലെ ഒമ്പത് വാര്‍ഡില്‍ ഉള്‍പ്പെട്ട മൂലക്കടിയില്‍ നിന്നും കോവലം പോകുന്ന വഴിയ്ക്കു സമീപത്തുള്ള ചെല്ലദുരൈയുടെ വീട് തകര്‍ന്നത്. ശക്തമായ മഴയില്‍ സമീപത്തുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണും ഇടിഞ്ഞ് വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ചെല്ലദുരൈയുടെ ഭാര്യ ത്രേസ്യാ, മക്കളായ പ്രിയങ്ക, വീടിനുള്ളില്‍ ഉണ്ടായിരുന്നത്. മുറിയിലുണ്ടായിരുന്ന ത്രേസായും മകള്‍ പ്രിയങ്കയും അടുക്കളയിലേക്ക് പോയി സെക്കന്‍റുകള്‍ക്കും വലിയ ശബ്ദത്തോടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വീടിന്‍റെ മേല്‍ക്കൂരയും ഭിത്തിയും പൂര്‍ണ്ണമായും തകര്‍ന്നു. ശക്തമായ മഴയില്‍ വീടില്‍ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.