ഇടുക്കി: 'മഴയുള്ള രാത്രികളിൽ ഞങ്ങൾ ഇരുന്ന് നേരം വെളുപ്പിക്കും, കുഞ്ഞുങ്ങളെ അടുത്തുള്ള വീട്ടിൽ ആക്കും പേടിച്ച ഞങ്ങൾ ഇവിടെ കഴിയുന്നെ..' ഒരു വീട് എന്ന സ്വപ്‌നവുമായി മുട്ടാത്ത വാതിലുകളില്ലെന്നാണ് ഇടുക്കി ബൈസണ്‍വാലി ഇരുപതേക്കറിലെ പുതുപ്പറമ്പില്‍ ദീപ-റെജി ദമ്പതികൾ പറയുന്നത്. ലൈഫ് ഭവന പദ്ധതിയുടെ മാനദണ്ഡങ്ങളിൽ അകപ്പെട്ട് ഒരു വീട് എന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കാൻ കഴിയാതെ നിൽക്കുകയാണ് ഇവർ.
ഏത് നിമിഷവും തകർന്ന് വീഴാറായ വീടാണ് ഇവരുടേത് ലൈഫ് ഭവന പദ്ധതിയിൽ പേര് ഉണ്ടെങ്കിലും പട്ടികയിൽ അവസാനമാണ് ഈ കുടുംബത്തിന്‍റെ പേര്. സർക്കാർ സഹായത്തിന് അർഹരായിട്ടും അവഗണന നേരിടുന്നതിൽ കടുത്ത നിരാശയിലാണ് ഈ കുടുംബം. ഉടുമ്പൻചോല എംഎൽഎ എംഎം മണിയുടെ നാട്ടിലാണ് ഈ ദുരിത ജീവിതം.
ഏത് നിമിഷവും തകർന്നു വീഴാറായ വീട്ടിൽ രണ്ട് മക്കളുമായുള്ള ഇവരുടെ ജീവിതം ദുരിതപൂർണമാണ്. ഇടിഞ്ഞ് വീഴാറായ സ്ഥിതിയിലുള്ള ഇവരുടെ വീട് മഴ പെയ്‌താൽ ചോർന്നൊലിക്കും. അന്നേരങ്ങളിൽ വീട് ഇടിഞ്ഞ് വീഴുമോയെന്ന ഭയത്താൽ മക്കളെ സുരക്ഷിതരാക്കാനായി തൊട്ടടുത്ത വീട്ടിലേക്കയക്കും. ഇഷ്‌ടികകളും ആസ്പ്പറ്റോസ് ഷീറ്റും ഉപയോഗിച്ച് നിർമ്മിച്ച വീടാണ് ഇവരുടേത്.
മൺകട്ടയിൽ നിർമിച്ച ചുവരുകൾ, ചോർന്ന് ഒലിക്കുന്ന മേൽക്കൂരയ്‌ക്ക് മുകളിലൂടെ താൽക്കാലിക രക്ഷ എന്നോണം പടുത വലിച്ച് കെട്ടിയിരിക്കുന്നു, ഒരു കട്ടിൽ ഇടാൻ കഴിയുന്ന രണ്ട് ഇടുങ്ങിയ മുറികൾ, താഴേക്ക് നിലം പൊത്താൻ തയ്യാറായി നിൽക്കുന്ന അടുക്കള, ഇതാണ് ഇരുപതേക്കർ പുതുപ്പറമ്പില്‍ ദീപ-റെജി ദമ്പതികളുടെ സമ്പാദ്യം.
കെട്ടുറപ്പുള്ള ഒരു വീടിനായി സഹായം തേടി അധികൃതരെ സമീപിച്ചപ്പോഴൊക്കെയും അവഗണിക്കുകയാണ് ചെയ്‌തിട്ടുള്ളതെന്നും പഞ്ചായത്ത് മെമ്പര്‍ മുതല്‍ മന്ത്രി വരെയുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ദീപ പറയുന്നു.